Madhav Suresh: പണി പറ്റില്ലെന്ന് തെളിഞ്ഞാൽ ഞാൻ നിർത്തി പോകും: ട്രോളുകളോട് പ്രതികരിച്ച് മാധവ് സുരേഷ്
മാധവ് സുരേഷ് നായകനായി കുമ്മാട്ടിക്കളി എന്ന ചിത്രം റിലീസ് ചെയ്തിരുന്നു.
സുരേഷ് ഗോപി നായകനായ ജെ.എസ്.കെയിൽ മകൻ മാധവ് സുരേഷും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, മാധവിന്റെ ആദ്യ സിനിമയല്ല ജെ.എസ്.കെ. ഇതിന് മുൻപ് മാധവ് സുരേഷ് നായകനായി കുമ്മാട്ടിക്കളി എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രം തിയേറ്ററിൽ വേണ്ട ശ്രദ്ധ ലഭിക്കാതെ പോയി. ഈ സിനിമയിലെ ചില ഭാഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകൾക്ക് ഇരയാവുകയാണ്.
ഇതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാധവ് സുരേഷ്. തനിക്ക് അഭിനയം പറ്റില്ലെന്നും പണി നിർത്തിപ്പോവണമെന്നുമാണ് ആളുകൾ പറയുന്നതെന്ന് ട്രോളുകൾ ചൂണ്ടിക്കാട്ടി മാധവ് സുരേഷ് പറഞ്ഞു. ശ്രമിച്ചതിന് ശേഷവും പറ്റില്ലെന്ന് തെളിഞ്ഞാൽ താൻ സ്വയം അഭിനയം നിർത്തിപ്പോവുമെന്നും ഇല്ലെങ്കിൽ ഇവിടെ തന്നെ കാണുമെന്നും മാധവ് സുരേഷ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാധവ് നിലപാട് വ്യക്തമാക്കിയത്.
'സത്യസന്ധമായി പറഞ്ഞാൽ 'കുമ്മാട്ടിക്കളി'യിൽ എന്റേത് നല്ല പ്രകടനമോ അത് നല്ലൊരു കാൻവാസോ ആയിരുന്നില്ല. എന്നാൽ അതുകാരണമുള്ള ട്രോളുകളിൽ കേൾക്കുന്നത് ഞാൻ മാത്രമാണ്. നീ പണി നിർത്തി പോ, നിനക്കിത് പറ്റില്ല എന്നൊക്കെയാണ് ആളുകൾ പറയുന്നത്. എനിക്ക് പറ്റുമോ ഇല്ലയോ എന്ന് ഞാൻ ശ്രമിച്ചതിന് ശേഷം, പറ്റില്ലാ എന്ന് എനിക്ക് തെളിഞ്ഞാൽ പോയ്‌ക്കോളാം. അതിനി അങ്ങനെയല്ലെങ്കിൽ ഞാൻ ഇവിടെതന്നെ കാണും.
ഞാനത് ചെയ്തു, ഇനി മാറ്റാൻ കഴിയില്ല. പക്ഷേ, അന്ന് ഞാൻ ഒന്നുകൂടെ ആലോചിച്ചാൽ മതിയായിരുന്നു. എന്റടുത്ത് അവതരിപ്പിച്ച സിനിമ ഇങ്ങനെയായിരുന്നില്ല. അങ്ങനെ സംഭവിക്കാറുണ്ട്, എനിക്ക് മാത്രമല്ല ഉണ്ടായിട്ടുള്ളത്. എല്ലാകാലത്തും എല്ലാതാരങ്ങൾക്കും ഉണ്ടായിട്ടുണ്ട്. സ്‌ക്രിപ്റ്റ് പറയുമ്പോൾ ഒരു കഥയായിരിക്കും, ഷൂട്ടിങ്ങിന് പോവുമ്പോൾ വേറൊരു കഥയാവും. സ്‌ക്രിപ്റ്റ് കേൾക്കുമ്പോൾ ഇത്ര ബജറ്റിൽ ഈ കാൻവാസിൽ ചെയ്യാനുള്ള പ്രൊഡക്ഷനായിരിക്കും പദ്ധതിയിടുന്നത്. ഷൂട്ടിങ് തീരുമ്പോൾ കണക്കെടുത്തുനോക്കിയാൽ അതിന്റെ പകുതിയുടെ പകുതി പോലും വന്നുകാണില്ല.
ഒരു നിർമാതാവ് കഷ്ടപ്പെട്ട് സമ്പാദിച്ച പൈസയാണ് ഒരു സിനിമയ്ക്കുവേണ്ടി ഉപയോഗിക്കുന്നത്. കഷ്ടപ്പെട്ട് സമ്പാദിച്ച പണവുമായാണ് ആളുകൾ കാണാൻ വരുന്നത്. ഈ രണ്ടുഭാഗത്തോടും ഉത്തരവാദിത്തമുണ്ട്. പൈസ തന്നവർക്ക് അത് തിരികെ നൽകാനുള്ള ഉത്തരവാദിത്തവും പൈസ കൊടുത്ത് സിനിമ കാണാൻ വരുന്നവർക്ക് വിനോദമൂല്യം നൽകാനുള്ള ഉത്തരവാദിത്തവും. അത് ആ സിനിമയിൽ നടന്നിട്ടില്ല. മറ്റെന്തിനേക്കാളും ഞാൻ അക്കാര്യത്തിൽ നിരാശനാണ്. എന്നാൽ, എനിക്ക് കുറ്റബോധമില്ല. ഒരുപാട് അനുഭവപരിചയം ചിത്രം തന്നിട്ടുണ്ട്', മാധവ് സുരേഷ് പറഞ്ഞു.