റൊമാൻസ് എന്നാൽ അത് ആർ മാധവൻ എന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു നൈന്റീസ് കിഡ്‌സിന്. അലൈപ്പായുതേ എന്ന ചിത്രത്തിലൂടെയാണ് തമിഴിലെ റൊമാന്റിക് ഹീറോ എന്ന ലേബൽ മാധവന് ലഭിച്ചത്. എന്നാൽ ഒന്ന് രണ്ട് സിനിമകൾ മാറ്റി നിർത്തിയാൽ ഞാൻ അധികം റൊമാൻസ് സിനിമകൾ ചെയ്തിട്ടില്ല എന്ന് മാധവൻ വ്യക്തമാക്കുന്നു. റൊമാൻസ് സിനിമകൾ ചെയ്യുന്നത് നിർത്താനുണ്ടായ കാരണവും മാധവൻ പറയുന്നുണ്ട്.
ടെസ്റ്റ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിൽ സംസാരിക്കവെയാണ് തന്റെ പഴയകാലത്തെ കുറിച്ചും റൊമാന്റിക് ഹീറോ ലേബലിനെ കുറിച്ചും മാധവന് തുറന്നു പറഞ്ഞത്. അലൈപ്പായുതേ ചെയ്യുന്ന സമയത്ത് മാധവന് 30 വയസ്സ് ആയിരുന്നു. ഇനിയെന്ത് റൊമാൻസ്, കൂടിപ്പോയാൽ 35 വയസ്സ് വരെ എന്തെങ്കിലും ചെയ്യാം എന്ന തോന്നലായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
'നിങ്ങൾ ശ്രദ്ധിച്ചു നോക്കിയാൽ ഒരു കാര്യം മനസ്സിലാക്കാം, ശാലിനിയാണ് എനിക്കൊപ്പം അഭിനയിച്ച നായികമാരിൽ തമിഴ് നന്നായി സംസാരിക്കുന്ന നായിക. നല്ല സ്പീഡിൽ ശാലിനി തമിഴ് സംസാരിക്കും. നമ്മൾ ഫീലോടെ ഒരു ഡയലോഗ് പറയുമ്പോൾ, അതേ ഫീലിൽ ശാലിനി തിരിച്ചു സംസാരിക്കും. പക്ഷേ പിന്നീട് ഒരു തമിഴ് നടിയും എനിക്കൊപ്പം അഭിനയിച്ചിട്ടില്ല, അത് കാരണം ഒരു നടൻ എന്ന നിലയിൽ എനിക്ക് വളരാനുള്ള അവസരം കിട്ടിയില്ല. അക്കാര്യത്തിൽ എനിക്ക് വിഷമമുണ്ട്.
സിങ്ക് സൗണ്ടിൽ സംസാരിക്കാതെ റൊമാന്റിക് സിനിമകൾ വർക്കാകില്ല. അലൈപ്പായുതേ പോലൊരു സിനിമ ചെയ്തിട്ട്, അതിനെ താഴ്ത്താൻ സാധിക്കുമോ. അതുകൊണ്ടാണ് ഞാൻ റൊമാന്റിക് സിനിമകൾ ചെയ്യുന്നത് തന്നെ നിർത്തിയത്. ലൈവ് സൗണ്ട് ഇല്ലാതെ സിനിമകൾ ചെയ്യില്ല എന്ന് ഞാൻ തീരുമാനിച്ചിട്ട് 20 വർഷത്തോളമായി.
ടെസ്റ്റിൽ നയൻതാര ലൈവ് സൗണ്ടിൽ ആണ് അഭിനയിക്കുന്നത്. അവർ ആദ്യമായി ലൈവ് സൗണ്ടിൽ സിനിമ ചെയ്യുന്നത് ഇതാദ്യമാണ്. വളരെ മനോഹരമായി അവർ സംസാരിച്ചു. അങ്ങനെ ഒരു ആർട്ടിസ്റ്റ് നമുക്കൊപ്പം നിന്ന് സംസാരിക്കുമ്പോൾ നമുക്കും അതിനനുസരിച്ച് വളരെ മനോഹരമായി അഭിനയിക്കാൻ സാധിക്കും. സ്‌ക്രിപ്റ്റിന് അപ്പുറത്തേക്ക് നമുക്ക് അഭിനയിക്കാൻ കഴിയുമ്പോഴാണ് ആ ഫ്രീഡം ലഭിക്കുന്നത്, അപ്പോഴാണ് ചെയ്യുന്ന ജോലി നമുക്ക് ആസ്വദിക്കാൻ കഴിയുന്നത്', മാധവൻ പറഞ്ഞു.
ടെസ്റ്റിൽ നയൻതാരയാണ് മാധവന്റെ നായിക. സിദ്ധാർത്ഥും മീരാ ജാസ്മിനും മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ഏപ്രിൽ 4 ന് നെറ്റ്ഫ്‌ളിക്‌സിൽ ആണ് സിനിമ റിലീസ് ചെയ്യാൻ പോകുന്നത്.