റിലീസിന് മുമ്പുതന്നെ മുതല്‍മുടക്ക് തിരിച്ചുപിടിച്ച മമ്മൂട്ടിച്ചിത്രം ‘മധുരരാജ’ ആദ്യ മൂന്നുദിനങ്ങളില്‍ ബോക്സോഫീസില്‍ ചരിത്രമെഴുതി. ആദ്യ മൂന്നുനാളുകള്‍ കൊണ്ട് 30 കോടിയോളം രൂപയാണ് ചിത്രത്തിന് കളക്ഷന്‍ വന്നതെന്നാണ് സൂചന. പുലിമുരുകനേക്കാള്‍ വലിയൊരു ഹിറ്റിലേക്കാണ് വൈശാഖ് മധുരരാജയെ നയിക്കുന്നതെന്നാണ് ഈ കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാകുന്നത്.
ലൂസിഫര്‍ തിയേറ്ററുകളില്‍ നിറഞ്ഞുനില്‍ക്കുന്ന സമയത്താണ് മധുരരാജ റിലീസ് ചെയ്യുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിന്‍റെ പത്തിരട്ടി വിഭവങ്ങള്‍ ഉള്ള സിനിമയാണ് മധുരരാജയെന്ന് തിരിച്ചറിഞ്ഞ പ്രേക്ഷകര്‍ സിനിമയെ ബമ്പര്‍ ഹിറ്റാക്കി മാറ്റുകയായിരുന്നു.
ആദ്യദിനം മധുരരാജ വാരിക്കൂട്ടിയത് 9.12 കോടി രൂപയായിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും കളക്ഷന്‍ പിന്നെയും കൂടി. അതോടെ സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ കളക്ഷനിലേക്ക് മധുരരാജ എത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഉദയ്കൃഷ്ണ തിരക്കഥയെഴുതിയ ഈ മാസ് എന്‍റര്‍ടെയ്‌നര്‍ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചുകൊണ്ടാണ് മുന്നേറുന്നത്. കുട്ടികളാണ് രാജയെ കൂടുതലായും ഇഷ്ടപ്പെടുന്നത്. അവധിക്കാലത്ത് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആഘോഷിച്ച് ആസ്വദിക്കാനുള്ള എല്ലാ ചേരുവകളും മധുരരാജയിലുണ്ട്.
സണ്ണി ലിയോണിന്‍റെ ഡാന്‍സും പീറ്റര്‍ ഹെയ്നിന്‍റെ ആക്ഷന്‍ രംഗങ്ങളും മധുരരാജയുടെ ഹൈലൈറ്റാണ്. എന്തായാലും ലോംഗ് റണ്‍ ഉറപ്പാക്കിക്കഴിഞ്ഞ മധുരരാജ ഉടന്‍ തന്നെ 100 കോടി ക്ലബിലെത്തുമെന്നാണ് സൂചന.