മരുഭൂമിയിലെ ഷൂട്ടിംഗ് പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. ഓരോ പ്രതിസന്ധികള്‍ വരുമ്പോഴും തളരാതെ മുന്നിലുള്ള വഴി തേടുകയാണ് അണിയറ പ്രവര്‍ത്തകര്‍ ചെയ്തത്. മരുഭൂമിയില്‍ ഷൂട്ട് ചെയ്യുമ്പോള്‍ കാരവാന്‍ ഒന്നും ഉപയോഗിച്ചിരുന്നില്ലെന്നും അവിടെത്തന്നെ ഒരു ഷെഡ് കെട്ടിയാണ് മേക്കപ്പ് എല്ലാം ചെയ്തതെന്നും മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി പറയുന്നു. മരുഭൂമിയിലെ ചിത്രീകരണ അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം.
'ആടുജീവിതത്തിന്റെ സെറ്റില്‍ കാരവാന്‍ ഒന്നുമില്ല. മരുഭൂമിയില്‍ തന്നെ ഒരു ഷെഡ് കെട്ടിയിരിക്കുകയാണ്. രാജുവിന് മൊബൈല്‍ ഫോണ്‍ പോലും തുറക്കാന്‍ പറ്റില്ല. ഞാന്‍ നോക്കിയപ്പോള്‍ ലൊക്കേഷനില്‍ ഇരുന്നിട്ട് ഉള്ളം കൈ കൊണ്ടാണ് സ്‌ക്രോള്‍ ചെയ്യുന്നത്. നഖം ഉള്ളതുകൊണ്ട് ടച്ച് ചെയ്യാന്‍ പറ്റുന്നില്ല. ഇത് ഇടയ്ക്കിടയ്ക്ക് ഒട്ടിക്കാനും ബുദ്ധിമുട്ടാണ്.
അതിനുശേഷം ഒന്ന് രണ്ട് വിരല്‍ മാത്രം ഊരി വച്ചിട്ട് മൊബൈല്‍ ഒക്കെ വര്‍ക്ക് ചെയ്തു. ഷോട്ടിന്റെ സമയത്ത് അത് മാത്രം വയ്ക്കും. അപ്പോള്‍ അത്ര സമയം എടുക്കില്ല. നഖം ഉള്ളതുകൊണ്ട് പുള്ളിക്ക് പല്ല് വയ്ക്കാന്‍ പറ്റിയില്ല. ഇങ്ങനെയുള്ള പല്ല് അവര്‍ സ്വന്തമായിട്ട് ക്ലിപ്പ് ചെയ്യണം.
അത് ചെയ്യണമെങ്കില്‍ നഖം വീണ്ടും ഇളക്കണം. അതിന് സമയം പോകും. ഒന്നാമത് കോവിഡ് സമയമാണ്. ഞാന്‍ എല്ലാ ഷോട്ടിന്റെ സമയത്തും സാനിറ്റൈസര്‍ ഒക്കെ ഉപയോഗിച്ച് പല്ലു വെച്ചുകൊടുക്കും. കട്ട് പറഞ്ഞാല്‍ തന്നെ നമ്മള്‍ അത് ഊരിയെടുക്കും',- രഞ്ജിത്ത് അമ്പാടി പറഞ്ഞു.