ചെറുപ്പത്തിൽ കണ്ട ആ സ്വപ്നം ഇനിയും ബാക്കി, അതായിരുന്നു ഏറ്റവും വലിയ ആഗ്രഹവും!- തുറന്ന് പറഞ്ഞ് മമ്മൂട്ടി
ഒരുപാട് ആഗ്രഹിച്ചിരുന്നു, ഇപ്പോഴും കഴിഞ്ഞിട്ടില്ല: മമ്മൂട്ടി
Publish Date: Thu, 21 Jun 2018 (12:45 IST)
Updated Date: Thu, 21 Jun 2018 (12:51 IST)
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഏത് ജനറേഷനിൽ ഉൾപ്പെട്ടവരും അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്. തന്റെ സിനിമ ജീവിതത്തിൽ താൻ കടന്നു പോയ വഴികളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന നക്ഷത്രത്തിളക്കം എന്ന പരിപാടിയിലായിരുന്നു അദ്ദേഹം സിനിമയേയും ജീവിതത്തേയും കുറിച്ച് വ്യക്തമാക്കിയിരുക്കുന്നത്.
ഇത്രയും ഉയരത്തിൽ എത്തുമെന്ന് പ്രതീക്ഷിച്ചോ എന്ന അവതാരകയുടെ ചോദ്യത്തിന് ‘ഇല്ലെന്നായിരുന്നു മറുപടി. തനിക്ക് നടത്താനാകാതെ പോയ സ്വപ്നത്തെ കുറിച്ചും താരം പറയുന്നുണ്ട്. ചെറുപ്പത്തിൽ കണ്ട ആ സ്വപ്നം ഇനിയും ബാക്കിയാണെന്ന് മമ്മൂട്ടി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ:
‘സിനിമ എന്നത് ഒരു വികാരമായിരുന്നു. വില്ലന്റെ കൂടെ നിന്ന് യെസ് ബോസ് എന്നു പറയുന്ന രംഗം മാത്രമേ മനസിൽ ഉണ്ടായിരുന്നുള്ളൂ. സിനിമയിൽ അതൊക്കെ എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് തനിയ്ക്ക് സിനിമയിൽ നിന്ന് ലഭിച്ചതെല്ലാം ഭാഗ്യം കൊണ്ട് മാത്രമാണ്. സിനിമയ്ക്ക് വേണ്ടി കൈയും കാലും വരെ തല്ലിയൊടിക്കാൻ വരെ തയ്യാറായിരുന്നു.’
‘വലിയ നടൻ ആകണമെന്നൊന്നും തനിയ്ക്ക് ആഗ്രഹമില്ലായിരുന്നു. ഒരു നാടക നടനാകാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോഴും അത് ആഗ്രഹമായി തന്നെ അവശേഷിക്കുകയാണ്. ഇപ്പോഴും സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണല്ലോ. സിനിമയിൽ എത്തിയില്ലായിരുന്നുവെങ്കിൽ തലതെറിച്ചു പോയേനെ‘- കള്ളച്ചിരിയോടെ മമ്മൂക്ക പറഞ്ഞവസാനിപ്പിച്ചു.