വൈശാഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന മധുരരാജ ഏപ്രിൽ റിലീസിനൊരുങ്ങുകയാണ്. പോക്കിരിരാജയുടെ രണ്ടാം ഭാഗമാമല്ല, രാജയുടെ രണ്ടാം വരവാണെന്നാണ് ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി ജിസിസിൽ നടന്ന പ്രസ് മീറ്റിൽ മമ്മൂട്ടി പറഞ്ഞത്.
ഇപ്പോഴിതാ, എന്തുകൊണ്ടാണ് മലയാളത്തിൽ മധുരരാജ പോലൊരു ചിത്രം റിലീസ് ആകുന്നതെന്ന് ചോദിച്ച മാധ്യമപ്രവർത്തകന് മമ്മൂക്ക നൽകിയ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ. രാജ 2 പോലെയൊരു ചിത്രത്തിന്റെ ആവശ്യകത എന്താണ്? മലയാളികളുടെ ആസ്വാദന നിലവാരത്തെ ചോദ്യം ചെയ്യുകയാണോ? എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. ഇതിനു മമ്മൂട്ടി നൽകിയ ഉത്തരത്തിന് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
'അവഞ്ചേഴ്സ് 14 തവണ വന്നു. അപ്പോഴൊന്നും ഒരു കുഴപ്പവും ഇല്ലാതെ അത് ഇരുന്നു കണ്ടു. നമ്മളൊരു പാവം രാജയെടുത്തപ്പോഴാണ്....’- മമ്മൂട്ടിയുടെ ഡയലോഗിന് നിറഞ്ഞ കൈയ്യടിയായിരുന്നു. ഇപ്പോഴിതാ, ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ് പൃഥ്വിരാജും. ഇതേപറ്റിയുള്ള ഒരു ട്രോൾ തന്റെ ട്വിറ്ററിൽ ഷെയർ ചെയ്തശേഷം ‘ഇഷ്ടപ്പെട്ടു’ എന്നാണ് അദ്ദേഹം കുറിച്ചത്.
പോക്കിരിരാജയിൽ അനുജനായി അവതരിപ്പിച്ച പൃഥ്വിരാജ് എന്തുകൊണ്ടാണ് മധുരരാജയിൽ ഇല്ലാത്തതെന്നും അദ്ദേഹം പറയുന്നുണ്ട്. മമ്മൂക്കയുടെ വാക്കുകൾ:
‘പോക്കിരിരാജയിലെ ചില കഥാപാത്രങ്ങളെ മാത്രം അതേപടി മധുരരാജയിലും കൊണ്ടുവന്നിട്ടുണ്ട്. സലിം കുമാർ അവതരിപ്പിക്കുന്ന സുധാകർ മംഗളോദയം, നെടുമുടി വേണുവിന്റെ അച്ഛൻ കഥാപാത്രം, അമ്മവനായ വിജയരാഘവൻ, രാജയുടെ സന്തതസഹചാരികൾ, എന്നിവരാണ് മധുരരാജയിലും റിപീറ്റ് ചെയ്യപ്പെടുന്നത്. പൃഥ്വിരാജ് ചെയ്ത സൂര്യ കല്യാണം കഴിച്ച് ലണ്ടനിലാണുള്ളത്. ഈ കഥ നടക്കുന്ന സ്ഥലത്ത് വരാൻ സൂര്യയ്ക്ക് കഴിയില്ല. അതാണ് ആ കഥാപാത്രത്തെ ഉൾപ്പെടുത്താത്തത്.’ - മമ്മൂക്ക പറഞ്ഞു.