ഇത് ചരിത്രം, അറുപത്തിയഞ്ചാം നാൾ ഓസ്ട്രേലിയയിൽ ഫാൻസ്‌ ഷോയുമായി അബ്രഹാം!

അറുപത്തിയഞ്ചാം നാൾ ആസ്‌ട്രേലിയയിൽ വീണ്ടും ഫാൻസ്‌ഷോ, അബ്രഹാം കുതിക്കുന്നു...

ബുധന്‍, 8 ഓഗസ്റ്റ് 2018 (10:08 IST)
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഈ വർഷത്തെ വൻ വിജയ ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടിയുടെ ഈ സ്റ്റൈലൻ പടം. റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ചിത്രം വീണ്ടും ചരിത്രം തിരുത്തുകയാണ്.  
 
റിലീസ് ചെയ്തു അറുപത്തിയഞ്ച് നാളുകൾ പിന്നിടുമ്പോൾ വീണ്ടും ഫാൻസ്‌ ഷോ ഒരുക്കുന്ന തിരക്കിലാണു ആരാധകർ.  ഇക്കുറി അത് കേരളത്തിലോ ഗൾഫിലോ ഒന്നും അല്ല. കടലുകൾ കടന്നു അങ്ങ് ആസ്‌ട്രേലിയയിൽ ആണ് ഈ ഫാൻസ്‌ ഷോ.  
 
ഷോയിൽ നിന്നുള്ള മുഴുവൻ വരുമാനവും മമ്മൂട്ടിയുടെ തന്നെ നേതൃത്വത്തിൽ കേരളത്തിലെ അവശത അനുഭവിക്കുന്ന ആദിവാസികൾക്ക് വേണ്ടി നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾക്കായി കെയർ ആൻഡ് ഷെയർ ഇൻറ്റർനാഷണൽ ഫൗണ്ടേഷന് സംഭാവന ചെയ്യും. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനലിന്റെ ആസ്ട്രേലിയൻ ചാപ്റ്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. 
 
ഫാൻസ്‌ ഷോയുടെ  ടിക്കറ്റിന്റെ വിൽപ്പന  ന്യൂ നോർഫ്ലോക് സെൻറ് മേരീസ് പള്ളി വികാരി ഫാ. ജെയ്‌സൺ ജോസഫ് കുഴിയിൽ ഫാ.മാർക്ക്‌ ഹാൻസിനു നൽകി ഉത്ഘാടനം ചെയ്തു. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസ്സിയേഷൻ ഇന്റർനാഷണൽ പ്രെസിഡന്റ് റോബർട്ട്‌ കുര്യാക്കോസ്, സംഘടനയുടെ ആസ്ട്രേലിയൻ ചാപ്റ്റർ പ്രസിഡന്റ് ജിനോ ജേക്കബ് വെട്ടത്തുവില  സിനിമയുടെ ടാസ്മാനിയൻ വിതരണക്കാരനായ ജോസ്‌മോൻ ജോയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.  
 
സിനിമ റിലീസ് ചെയ്ത് ഇത്രയും നാളുകൾ പിന്നിട്ട ശേഷം വീണ്ടും ഫാൻസ്‌ ഷോ ഒരു മലയാള സിനിമക്കായി വരുന്നത് ആദ്യ സംഭവമാണന്നു സംഘടനയുടെ ആസ്ട്രേലിയൻ ചാപ്റ്റർ പ്രതിനിധികൂടിയായ ജിനോ ജോർജ്‌ അവകാശപ്പെട്ടു. ‘ഗ്രേറ്റ് ഫാദർ’ എന്ന സ്റ്റൈലിഷ് ചിത്രത്തിന് ശേഷം ആരാധകരും സിനിമ പ്രേമികളും ഒരേപോലെ കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു ഇത്. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അദേനിയുടെയാണ് തിരക്കഥ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടിയുടെ വിരൽത്തുമ്പിൽ ഒടിയന്റെ ‘ഒടിവിദ്യകൾ’, കോരിത്തരിച്ച് ആരാധകർ!