അമീര്‍ സുല്‍ത്താന്‍ ! മമ്മൂട്ടി - ഹനീഫ് അദേനി ടീമിന്‍റെ അധോലോക ത്രില്ലര്‍ !

തിങ്കള്‍, 27 ഓഗസ്റ്റ് 2018 (14:27 IST)
ഹനീഫ് അദേനി എന്ന പേരിന് മമ്മൂട്ടി ആരാധകര്‍ക്കിടയില്‍ വലിയ വാല്യു ഉണ്ട്. തുടര്‍ച്ചയായി രണ്ട് സ്റ്റൈലിഷ് മമ്മൂട്ടി ഹിറ്റുകള്‍ സമ്മാനിച്ചയാളാണ് ആ പേരുകാരന്‍. മാത്രമല്ല, മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പണം‌വാരിപ്പടങ്ങള്‍ രണ്ടും അദേനിയുടെ തൂലികയില്‍ പിറന്നതാണ്.
 
ദി ഗ്രേറ്റ്ഫാദറും അബ്രഹാമിന്‍റെ സന്തതികളും എക്കാലത്തെയും വലിയ ഹിറ്റുകളായപ്പോള്‍ മമ്മൂട്ടിയെന്ന താരത്തിന്‍റെ മൂല്യവും കുതിച്ചുകയറി. മലയാളം ബോക്സോഫീസില്‍ മമ്മൂട്ടിയുടെ രാജവാഴ്ചയ്ക്ക് മാസങ്ങളോളം കളമൊരുക്കിയ സിനിമകളായിരുന്നു ഇവ.
 
മമ്മൂട്ടി ആരാധകരെ ത്രസിപ്പിക്കുന്ന ചില സംഭവവികാസങ്ങള്‍ അണിയറയില്‍ നടക്കുന്നതായാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. ‘മിഖായേല്‍’ എന്ന നിവിന്‍ പോളി ചിത്രത്തിന് ശേഷം ഹനീഫ് അദേനി ചെയ്യുന്ന പടത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ‘അമീര്‍ സുല്‍ത്താന്‍’ എന്നാണ് ആ സിനിമയ്ക്ക് പേര് നിശ്ചയിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്.
 
പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന ഈ സിനിമയില്‍ ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അധോലോക നായകനെയാണത്രേ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അമീര്‍ സുല്‍ത്താന്‍ എന്ന ഡോണ്‍ ദുബായിലിരുന്ന് ഇന്ത്യയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന ത്രില്ലിംഗ് സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം എന്നാണ് സൂചന. 100 ദിവസത്തിലധികം ദുബായില്‍ ചിത്രീകരിക്കുന്ന സിനിമ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ത്രില്ലറായിരിക്കും. കാത്തിരിക്കാം ഹനീഫ് അദേനി - മമ്മൂട്ടി കൂട്ടുകെട്ട് ഒരുക്കാന്‍ പോകുന്ന വിസ്‌മയക്കാഴ്ചകള്‍ക്കായി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അത് സസ്‌പെൻ‌സാണ്, എന്നാലും ചെറിയൊരു ക്ലൂ തരാം; രഹസ്യം പരസ്യമാക്കി നസ്‌രിയ