മമ്മൂട്ടി എന്ന മഹാനടനെ എന്നും എപ്പോഴും വേറിട്ടുനിര്‍ത്തുന്നത് അദ്ദേഹത്തിന് അഭിനയത്തോടുള്ള അടങ്ങാത്ത ആവേശമാണ്. ഒരു പുതുമുഖനടന്‍റെ ആവേശത്തിലാണ് അദ്ദേഹം ഓരോ സിനിമയെയും സമീപിക്കുന്നത്. കഥാപാത്രം വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞാല്‍ പിന്നെ, പുതുമയുണ്ടെന്ന് കണ്ടെത്തിയാല്‍ പിന്നെ ആ ആവേശം പരകോടിയിലെത്തും.
എഴുപതോളം പുതുമുഖ സംവിധായകരെ പരിചയപ്പെടുത്തിയ നായകനാണ് മമ്മൂട്ടി. ഇന്ന് മലയാളം ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുന്ന പല പ്രമുഖ സംവിധായകരും മമ്മൂട്ടിച്ചിത്രം ചെയ്താണ് തുടങ്ങിയത്. എന്നാല്‍ അതൊരു വലിയ കാര്യമായി മമ്മൂട്ടി കാണുന്നില്ല. മാത്രമല്ല അത്, തന്‍റെ സ്വാര്‍ത്ഥതയാണെന്നാണ് അദ്ദേഹം പറയുന്നത്.
പുതിയ സംവിധായകരെ വച്ച് പരീക്ഷണം നടത്തുകയല്ല താന്‍ ചെയ്യുന്നതെന്ന് മമ്മൂട്ടി പറയുന്നു. "പുതിയതായി വരുന്ന ആളുകളുടെ കൈയില്‍ എന്തെങ്കിലും പുതിയ സംഭവങ്ങള്‍ കാണും. അത് അടിച്ചുമാറ്റാനുള്ള ദുരാഗ്രഹമാണ് എന്നിലുള്ളത്. അതൊരു പരീക്ഷണമാണെന്ന് പുറത്തുപറയുന്നു എങ്കിലും സത്യത്തില്‍ അതെന്‍റെ സ്വാര്‍ത്ഥതയാണ്” - എന്നാണ് മമ്മൂട്ടി വ്യക്തമാക്കുന്നത്.
പുതുമകള്‍ കണ്ടെത്താനുള്ള ആ സ്വാര്‍ത്ഥതയില്‍ നിന്നാണ് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മിക്ക സിനിമകളും പിറക്കുന്നത്. നാലുപതിറ്റാണ്ടുകള്‍ മലയാള സിനിമ ഭരിച്ചിട്ടും ഇന്നും ഒന്നാമനായി നില്‍ക്കാന്‍ മമ്മൂട്ടിയെ സഹായിക്കുന്നതും ആ സ്വാര്‍ത്ഥത തന്നെ.