"കൊച്ചി പഴയ കൊച്ചിയല്ല” എന്ന് മമ്മൂട്ടി പറഞ്ഞാലേ നില്‍ക്കൂ - തുറന്നുപറഞ്ഞ് തിരക്കഥാകൃത്ത്!

വ്യാഴം, 13 ജൂണ്‍ 2019 (18:24 IST)
ബിലാല്‍ മലയാളത്തിന്‍റെ വികാരമാണ്. കേരളം പഴയ കേരളമല്ലെങ്കിലും ബിലാലിന് മാറ്റമൊന്നും വന്നിട്ടില്ല. ആ സ്റ്റൈലും ചങ്കുറപ്പും അങ്ങനെ തന്നെ. അമല്‍ നീരദ് ഇനി ബിലാലിന്‍റെ ജോലികളിലേക്ക് കടക്കുകയാണ്. ബിഗ്ബിയേക്കാള്‍ ഉജ്ജ്വലമായ ഒരു കഥയാണ് ബിലാലിനായി അമല്‍ നീരദ് കണ്ടെത്തിയിരിക്കുന്നത്. ഒന്നാന്തരം പഞ്ച് ഡയലോഗുകളും മാസ് മുഹൂര്‍ത്തങ്ങളുമായി ഒരു ത്രില്ലര്‍ തിരക്കഥയൊരുക്കാനുള്ള ശ്രമത്തിലാണ് ഉണ്ണി ആര്‍. ബിഗ്ബി 2ന്‍റെ ക്യാമറ ചലിപ്പിക്കുന്നതും അമല്‍ നീരദ് തന്നെയായിരിക്കും.
 
അമല്‍ നീരദും ഉണ്ണി ആറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ അമല്‍ നീരദ് ബിഗ്ബി എന്ന തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്തത് 2007ലാണ്. അന്നുമുതല്‍ ഇന്നുവരെ മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷായ സിനിമകളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഒന്നാമനായി ബിഗ്ബിയും അതിലെ നായകന്‍ ബിലാല്‍ ജോണ്‍ കുരിശിങ്കലുമുണ്ടാവും.
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. ആ സിനിമയില്‍ മമ്മൂട്ടി പറഞ്ഞ വണ്‍ലൈനറുകള്‍ പ്രേക്ഷകരുടെ നെഞ്ചില്‍ തറച്ചുതന്നെ നില്‍ക്കുന്നുണ്ട് ഇപ്പോഴും. എന്നാല്‍ മമ്മൂട്ടി പറഞ്ഞതുകൊണ്ടാണ് അത്തരം ഡയലോഗുകള്‍ക്ക് ഇത്രയും കരുത്തുണ്ടായത് എന്നാണ് തിരക്കഥാകൃത്ത് ഉണ്ണി ആര്‍ പറയുന്നത്. 
 
“ബിഗ്ബിക്ക് ഒരു പുതുമയുണ്ടായിരുന്നു. വ്യത്യസ്തതയുണ്ടായിരുന്നു. ആ ചിത്രത്തിലെ വണ്‍‌ലൈനറുകളൊക്കെ മമ്മൂട്ടി എന്ന നടന്‍ പറഞ്ഞാല്‍ മാത്രമേ നിലനില്‍ക്കൂ. കൊച്ചി പഴയ കൊച്ചിയല്ല എന്നൊക്കെ മമ്മൂട്ടിക്ക് മാത്രമേ മലയാളത്തില്‍ ആ ശൈലിയില്‍ പറഞ്ഞ് ഹിറ്റാക്കാന്‍ പറ്റൂ" - ഒരു അഭിമുഖത്തില്‍ ഉണ്ണി ആര്‍ പറഞ്ഞിരുന്നു. 
 
“രണ്‍ജി പണിക്കരൊക്കെ ഡയലോഗ് വച്ച് ആള്‍ക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഇടത്തായിരുന്നു നമുക്ക് പിടിച്ചുനില്‍ക്കേണ്ടിയിരുന്നത്. നെടുങ്കന്‍ ഡയലോഗുകള്‍ക്ക് പകരം വണ്‍ലൈനറുകള്‍ പരീക്ഷിക്കാമെന്ന് അങ്ങനെയാണ് അമല്‍ നീരദിനോട് പറയുന്നത്. അമ്പ് തറയ്ക്കുന്നതുപോലെയുള്ള അത്തരം സംഭാഷണങ്ങളാണ് ബിലാല്‍ എന്ന കഥാപാത്രത്തില്‍ നിന്ന് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്” - ആ അഭിമുഖത്തില്‍ ഉണ്ണി ആര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘നടന്‍ വിശാൽ രാത്രികാലങ്ങളിൽ മതിലുചാടി 16കാരിയായ തന്റെ അയൽവാസി പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ട്'; നടനെതിരെ വ്യാജ പ്രചരണം നടത്തിയ സ്ത്രീ അറസ്റ്റിൽ