മലയാള തനിമയോടെ ആരാധകരുടെ ഹൃദയങ്ങളില്‍ ചേക്കേറിയ നടിയാണ് കാവ്യ മാധവന്‍. 1991 ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചാണ് കാവ്യ സിനിമാലോകത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. 1996 ല്‍ പുറത്തിറങ്ങിയ അഴകിയ രാവണനില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തു. അഴകിയ രാവണനിലെ നായിക ഭാനുപ്രിയയുടെ കൗമാരക്കാലമാണ് കാവ്യ ഈ സിനിമയില്‍ അവതരിപ്പിച്ചത്. മമ്മൂട്ടിയാണ് അഴകിയ രാവണനിലെ നായകന്‍.
1999 ല്‍ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലാണ് കാവ്യ ആദ്യമായി മുഴുനീള നായികാവേഷം അവതരിപ്പിക്കുന്നത്. കാവ്യയുടെ കരിയറില്‍ ഒരു ബ്രേക്ക് ആയിരുന്നു ആ കഥാപാത്രം. ദിലീപിന്റെ നായികയായാണ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ കാവ്യ എത്തുന്നത്. അഭിമുഖങ്ങളിലെല്ലാം തന്റെ ആദ്യ നായകന്‍ ദിലീപ് ആണെന്ന് കാവ്യ പറയാറുണ്ട്.
എന്നാല്‍, ദിലീപ് ആണ് തന്റെ ആദ്യ നായകന്‍ എന്ന് കാവ്യ പറയുമ്പോള്‍ മമ്മൂട്ടിക്ക് അത് അത്രയ്ക്ക് പിടിക്കുന്നില്ല. 'നീ എന്താ ദിലീപ് ആണ് ആദ്യ നായകന്‍ എന്ന് പറയുന്നത്?' എന്ന ചോദ്യമാണ് മമ്മൂട്ടി കാവ്യയോട് ചോദിക്കുന്നത്. അഴകിയ രാവണനിന്‍ തന്റെ നായികയായി അല്ലേ എത്തിയതെന്നും മമ്മൂട്ടി ചോദിക്കുന്നു. ഇനി ആരു ചോദിച്ചാലും മമ്മൂട്ടിയാണ് തന്റെ ആദ്യ നായകന്‍ എന്ന് പറയണമെന്നും കാവ്യയോട് തമാശരൂപേണ മമ്മൂട്ടി പറയാറുണ്ടത്രേ ! കാവ്യ തന്നെയാണ് ഈ അനുഭവം ഒരിക്കല്‍ പങ്കുവച്ചിട്ടുള്ളത്.
കാവ്യയുടെ 37-ാം ജന്മദിനമാണ് ഇന്ന്. 1984 സെപ്റ്റംബര്‍ 19 നാണ് കാവ്യയുടെ ജനനം. ബാലതാരമായി അരങ്ങേറിയ കാവ്യ എഴുപതില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടന്‍ ദിലീപ് ആണ് ജീവിതപങ്കാളി.