Publish Date: Sat, 15 Jun 2019 (15:20 IST)
Updated Date: Sat, 15 Jun 2019 (15:22 IST)
മമ്മൂട്ടിയുടെ വലിയ പ്രൊജക്ടുകള്‍ ഒന്നിനുപിറകേ ഒന്നായി അണിയറയില്‍ ഒരുങ്ങുമ്പോള്‍ ആരാധകര്‍ക്ക് ഒരു ചെറിയ പരാതിയുണ്ട്. അത് കോമഡിച്ചിത്രങ്ങള്‍ക്ക് മമ്മൂട്ടി ഇപ്പോള്‍ അധികം പ്രാധാന്യം നല്‍കുന്നില്ല എന്നതാണ്. ആക്ഷന്‍ ചിത്രങ്ങള്‍ക്കും ഇമോഷണല്‍ ഡ്രാമകള്‍ക്കുമാണ് ഇപ്പോള്‍ അധികവും മമ്മൂട്ടി ഡേറ്റ് നല്‍കുന്നത്. എന്നാല്‍ കോമഡി ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്താനും ഇനി മമ്മൂട്ടി സമയം കണ്ടെത്തും. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധര്‍വ്വന്‍’ എന്ന ചിത്രം അത്തരത്തിലൊന്നാണ്. അതിനുപിന്നാലെ സംവിധായകന്‍ ലാല്‍ ഒരുക്കുന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കുമെന്ന് സൂചനകള്‍ വരുന്നു.
പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കും ലാല്‍ ഒരുക്കുക. അദ്ദേഹം ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥാരചനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനപ്രിയനായകന്‍ ദിലീപും ഈ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടാകുമെന്നാണ് സൂചന.
മമ്മൂട്ടിയെ നായകനാക്കി ലാല്‍ മുമ്പ് സംവിധാനം ചെയ്ത ‘കോബ്ര’ ശരാശരി വിജയം മാത്രമാണ് നേടിയത്. തിരക്കഥയിലെ പാളിച്ചയായിരുന്നു നല്ല ഒരു എന്‍റര്‍ടെയ്നറാകുമായിരുന്ന കോബ്രയ്ക്ക് പ്രശ്നമായത്. അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ലാല്‍ പുതിയ സിനിമയുടെ തിരക്കഥയെഴുതുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, മമ്മൂട്ടിയെ നായകനാക്കി ലാല്‍ നിര്‍മ്മിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. ഹിറ്റ്‌ലര്‍, ബ്ലാക്ക്, തൊമ്മനും മക്കളും, പോത്തന്‍വാവ എന്നിവയാണ് ലാല്‍ നിര്‍മ്മിച്ച മമ്മൂട്ടിച്ചിത്രങ്ങള്‍.
webdunia
Publish Date: Sat, 15 Jun 2019 (15:20 IST)
Updated Date: Sat, 15 Jun 2019 (15:22 IST)