മമ്മൂട്ടിക്ക് ഇത് ഭാഗ്യവർഷം, 6 സിനിമ, 6 ഉം ഹിറ്റ് !

തെലുങ്ക് ചിത്രം യാത്രയായിരുന്നു ഈ വർഷം ആദ്യം ഇറങ്ങിയ മമ്മൂട്ടി ചിത്രം.

എസ് ഹർഷ

വ്യാഴം, 3 ഒക്‌ടോബര്‍ 2019 (12:26 IST)
മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇത് ഭാഗ്യവർഷമാണ്. 6 സിനിമകളാണ് ഇതുവരെ അദ്ദേഹത്തിന്റെതായി റിലീസ് ആയിട്ടുള്ളത്. ഇതിൽ അഞ്ച് സിനിമകളും ഹിറ്റ് ആയിരുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ ഗാനഗന്ധർവ്വനും മറിച്ചല്ല. മികച്ച അഭിപ്രായവും മികച്ച കളക്ഷനുമാണ് ചിത്രത്തിനും എങ്ങും ലഭിക്കുന്നത്. 
 
തെലുങ്ക് ചിത്രം യാത്രയായിരുന്നു ഈ വർഷം ആദ്യം ഇറങ്ങിയ മമ്മൂട്ടി ചിത്രം. മികച്ച സിനിമയായിരുന്നു യാത്ര. അഭിനയ പ്രാധാന്യമുള്ള കഥയെ ജനങ്ങൾ ഏറ്റെടുത്തതോടെ നല്ല കളക്ഷനും ലഭിച്ചു. പിന്നാലെ ഇറങ്ങിയ പേരൻപും അങ്ങനെ തന്നെ. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലും തെലുങ്കിലും മമ്മൂട്ടി അഭിനയിച്ച രണ്ട് സിനിമകളും അദ്ദേഹത്തിന്റെ കരിയറിൽ ഒരു പൊൻ‌തൂവലായി നിറഞ്ഞ് നിൽക്കുന്ന സിനിമകളാണ്. ഒരുപാട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെന്ന മഹാനടനെ നാം കണ്ട ചിത്രം കൂടെയായിരുന്നു പേരൻപ്.
 
പിന്നാലെ ഇറങ്ങിയ മധുരരാജയിലൂടെയായിരുന്നു കരിയറിലെ ആദ്യ നൂറ് കോടി ചിത്രം മമ്മൂട്ടി സ്വന്തം പേരിലാക്കിയത്. പിന്നാലെ വന്ന ഉണ്ടയും നല്ലൊരു രാഷ്ട്രീയം പറഞ്ഞ ചിത്രമായിരുന്നു. നിർമാതാവിനു മോശമല്ലാത്ത രീതിയിൽ കളക്ഷനും ചിത്രത്തിനു ലഭിച്ചെന്നാണ് റിപ്പോർട്ട്. 
 
പതിനെട്ടാം പടിയെന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. പുതുമുഖങ്ങളെ വെച്ചെടുത്ത ചിത്രവും അത്യാവശ്യം കളക്ഷൻ വാരിയ ചിത്രമായിരുന്നു. ഇപ്പോഴിതാ മറ്റൊരു സിനിമ കൂടി ഹിറ്റടിച്ച് മെഗാസ്റ്റാര്‍ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. കോടികൾ വാരുമെന്നാണ് ഗാനഗന്ധർവ്വന്റെ പോസിറ്റീവ് റിപ്പോർട്ടുകൾ നൽകുന്ന റിപ്പോർട്ടുകൾ.
 
ഇറങ്ങുന്ന ഓരോ സിനിമകളും വിജയത്തിലേക്ക് എത്തിച്ച് കൊണ്ടാണ് മെഗാസ്റ്റാര്‍ ആരാധകരെ ഞെട്ടിച്ചത്. 
വിജയം മാത്രം ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് ഗാനഗന്ധർവ്വൻ റിലീസിനെത്തിയത്. മമ്മൂട്ടി ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായിരുന്നു സിനിമയിലുണ്ടായിരുന്നത്. ഗാനമേള വേദികളില്‍ പാട്ട് പാടുന്ന കലാസദന്‍ ഉല്ലാസ് ആയി മെഗാസ്റ്റാര്‍ തകര്‍ത്ത് അഭിനയിച്ചെന്നാണ് പ്രേക്ഷക പ്രതികരണം.   
 
ഇനി ബിഗ് ബജറ്റിലൊരുക്കുന്ന മാമാങ്കത്തിന് വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ നവംബര്‍ 21 ന് റിലീസിനെത്താന്‍ സാധ്യതയുള്ളതായിട്ടാണ് അറിയുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിട്ടാണ് മാമാങ്കം ഒരുക്കുന്നത്. മാമാങ്കം ബോക്‌സോഫീസില്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കാന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് അറിയുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബോഡിഷേമിങ് അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ലാലേട്ടൻ; വൈറലായി വീഡിയോ