പതിറ്റാണ്ടുകളായി മമ്മൂട്ടിയും മോഹന്‍ലാലുമാണ് മലയാളസിനിമയെ നിയന്ത്രിക്കുന്നത്. അവര്‍ക്കുചുറ്റുമാണ് വ്യവസായം കറങ്ങിക്കൊണ്ടിരിക്കുന്നത്. മലയാളം ബോക്സോഫീസില്‍ ഒരു പോരാട്ടവീര്യം ഉണരുന്നത് ഇരുവരുടെയും സിനിമകള്‍ ഒരുമിച്ച് പ്രദര്‍ശനത്തിനെത്തുമ്പോഴാണ്.
എന്നാല്‍ ഇവര്‍ തമ്മില്‍ ഒരു മത്സരമുണ്ടായിട്ടുണ്ടോ? ഇവര്‍ തമ്മില്‍ എപ്പോഴും മത്സരത്തിലല്ലേ എന്ന് ഈസിയായി മറുചോദ്യം ചോദിക്കാം. എന്നാല്‍ യഥാര്‍ത്ഥ വസ്തുത ഇരുവരും തമ്മില്‍ ഒരിക്കലും ഒരു മത്സരം ഉണ്ടായിട്ടില്ല എന്നാണ്.
രണ്ടുപേരും അഭിനയത്തിന്‍റെ കാര്യത്തില്‍ രണ്ടുരീതികളുടെ ആളുകളാണ്. ഒരുമിച്ച് അഭിനയിക്കുമ്പോള്‍ പോലും മത്സരബുദ്ധിയോടെ മറ്റേ ആളേക്കാള്‍ കേമനാകാനല്ല, മറിച്ച് തന്‍റെ കഥാപാത്രത്തെ പരമാവധി മികച്ചതാക്കാനാണ് രണ്ടുപേരും ശ്രമിച്ചിട്ടുള്ളത്.
ഒരുകാലത്തും ഇരുവര്‍ക്കും അവസരങ്ങള്‍ക്ക് പഞ്ഞമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ തേടി വരുന്ന സിനിമകളില്‍ മികച്ചത് തെരഞ്ഞെടുത്ത് അഭിനയിക്കാനും കരിയര്‍ മുന്നോട്ടുകൊണ്ടുപോകാനുമാണ് ഇരുവരും ശ്രമിച്ചത്.
ഇരുവര്‍ക്കും ലഭിച്ചത് അവസരങ്ങളുടെ പെരുമഴയായിരുന്നു. ഒരു വര്‍ഷം 36 സിനിമകള്‍ വരെ ചെയ്ത സമയം ഇരുവര്‍ക്കുമുണ്ട്. ആ സിനിമകളില്‍ പലതും ബമ്പര്‍ ഹിറ്റുകളുമായിരുന്നു. ഈ തിരക്കിനിടയില്‍ മത്സരത്തെക്കുറിച്ച് ആലോചിക്കാന്‍ എവിടെ സമയം?