മമ്മൂട്ടി-മഹേഷ് നാരായണന്‍ ചിത്രം ഡിസംബറില്‍ ആരംഭിക്കും; മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക ജനുവരിയിലെന്ന് റിപ്പോര്‍ട്ട്
മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഡിസംബര്‍ ആദ്യവാരം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം മഹേഷ് നാരായണന്‍ ചിത്രത്തില്‍ മെഗാസ്റ്റാര്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം. മൂന്ന് മാസത്തിലേറെ ചിത്രീകരണം ആവശ്യമുള്ളതിനാല്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ മറ്റു സിനിമകളിലൊന്നും മമ്മൂട്ടി അഭിനയിക്കില്ലെന്നാണ് വിവരം.
മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനുവരിയില്‍ ആയിരിക്കും മോഹന്‍ലാല്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. മമ്മൂട്ടിക്കൊപ്പമുള്ള കോംബിനേഷന്‍ സീനുകള്‍ അടക്കം 15 ദിവസം കൊണ്ട് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കും. ശ്രീലങ്കയില്‍ ആയിരിക്കും മമ്മൂട്ടി-മോഹന്‍ലാല്‍ സീനുകളുടെ ചിത്രീകരണം.
നിര്‍മാതാവ് ജോബി ജോര്‍ജ് ഈയടുത്ത് നല്‍കിയ ഒരു അഭിമുഖത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും മഹേഷ് നാരായണന്‍ ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. മമ്മൂട്ടി കമ്പനിക്കൊപ്പം ആശീര്‍വാദ് സിനിമാസ് കൂടി ചേര്‍ന്നായിരിക്കും സിനിമ നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.