മോഹന്‍ലാല്‍ ഗ്യാങ്സ്റ്റര്‍, മമ്മൂട്ടി ആര്‍മി ഒഫിഷ്യല്‍; മഹേഷ് നാരായണന്‍ ചിത്രത്തിലെ സൂപ്പര്‍ താരങ്ങളുടെ കഥാപാത്രങ്ങള്‍ അറിയണോ?
ഒരു ഇന്‍വസ്റ്റിഗേഷന്‍ ആക്ഷന്‍ ത്രില്ലര്‍ ഴോണറിലാണ് സിനിമ ഒരുക്കുന്നതെന്നാണ് വിവരം
മലയാള സിനിമാലോകം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ സിനിമ. ശ്രീലങ്കയില്‍ വെച്ച് നവംബറിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെല്ലാം ചിത്രീകരണത്തിനായി ശ്രീലങ്കയില്‍ എത്തിയിരുന്നു. ഈ സിനിമയിലെ സൂപ്പര്‍താരങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
ഒരു ഇന്‍വസ്റ്റിഗേഷന്‍ ആക്ഷന്‍ ത്രില്ലര്‍ ഴോണറിലാണ് സിനിമ ഒരുക്കുന്നതെന്നാണ് വിവരം. മമ്മൂട്ടി ഒരു ആര്‍മി ഒഫിഷ്യല്‍ ആയി വേഷമിടുന്നു. മോഹന്‍ലാലിന്റേത് ഗ്യാങ്സ്റ്റര്‍ റോളാണ്. ഫഹദ് ഫാസില്‍ ഒരു കള്ളന്റെ വേഷത്തിലും കുഞ്ചാക്കോ ബോബന്‍ ഫോറന്‍സിക് സ്‌പെഷ്യലിസ്റ്റ് ആയും അഭിനയിക്കുമെന്നാണ് വിവരം. മോഹന്‍ലാലിനും ഫഹദിനും നെഗറ്റീവ് വേഷമായിരിക്കുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നവംബര്‍ 17 നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ഒന്നിച്ചുള്ള സീനുകള്‍ ശ്രീലങ്കയില്‍ ചിത്രീകരിച്ചിരുന്നു. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. 'ആന്റോ ജോസഫ് ഫിലിം കമ്പനി അവതരിപ്പിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍-മഹേഷ് നാരായണന്‍ ചിത്രം' എന്നാണ് സിനിമയുടെ ക്ലാപ്പ് ബോര്‍ഡില്‍ നല്‍കിയിരിക്കുന്നത്. നയന്‍താരയാണ് നായികയായി എത്തുന്നത്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. സംഗീതം: സുഷിന്‍ ശ്യാം ആണ്.