നാദിര്‍ഷയുടെ സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി വിസമ്മതം അറിയിച്ചു!

വ്യാഴം, 3 ജനുവരി 2019 (16:40 IST)
നാദിര്‍ഷ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തിന് ‘ഐ ആം എ ഡിസ്കോ ഡാന്‍സര്‍’ എന്ന് പേരിട്ടതായി വാര്‍ത്തകള്‍ എത്തിയതോടെ ആവേശത്തിലാണ് ആരാധകര്‍. മമ്മൂട്ടി ഡാന്‍സറായി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ആഷിക് ഉസ്മാനാണ് നിര്‍മ്മാണം.
 
എന്നാല്‍ നാദിര്‍ഷയുടെ സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ആദ്യം വിസമ്മതിച്ചിരുന്നു എന്നതാണ് വാസ്തവം. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ കഴിഞ്ഞയുടന്‍ ഒരു മമ്മൂട്ടിച്ചിത്രത്തിനായാണ് നാദിര്‍ഷ ശ്രമിച്ചത്. ബെന്നി പി നായരമ്പലമായിരുന്നു ആ സിനിമയുടെ തിരക്കഥാകൃത്ത്. 
 
നാദിര്‍ഷയുടെ ചിത്രത്തിലെ കോമഡി തനിക്ക് വഴങ്ങുമോ എന്ന ആശയക്കുഴപ്പമായിരുന്നു മമ്മൂട്ടിക്ക് ഉണ്ടായിരുന്നത്. അമര്‍ അക്‍ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ സിനിമകള്‍ തകര്‍പ്പന്‍ കോമഡിച്ചിത്രങ്ങള്‍ ആയിരുന്നു. ആ രീതിയിലുള്ള സ്പൊണ്ടേനിയസ് കോമഡി താന്‍ ചെയ്താല്‍ ശരിയാകുമോ എന്നതായിരുന്നു മമ്മൂട്ടിയുടെ ആശങ്ക.
 
ആ സിനിമ പക്ഷേ നടന്നില്ല. കേശു ഈ വീടിന്‍റെ നാഥന്‍, മേരാനാം ഷാജി തുടങ്ങിയ സിനിമകളുടെ ജോലിയിലേക്ക് നാദിര്‍ഷ കടക്കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും മമ്മൂട്ടിയെ തേടി എത്തിയിരിക്കുകയാണ് നാദിര്‍ഷ.
 
‘ഐ ആം എ ഡിസ്കോ ഡാന്‍സര്‍’ എന്ന സിനിമ മമ്മൂട്ടിക്ക് തകര്‍ത്ത് അഭിനയിക്കാന്‍ പറ്റുന്ന സ്വാഭാവിക കോമഡി ധാരാളമുള്ള ചിത്രമായിരിക്കുമെന്ന ഉറപ്പാണ് നാദിര്‍ഷ നല്‍കുന്നത്. നവാഗതരായ രാജേഷ് പറവൂരും രാജേഷ് പനവള്ളിയും ചേര്‍ന്നാണ് ഈ സിനിമയുടെ തിരക്കഥയെഴുതുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കന്യകയാണോ?- ആരാധകന്റെ സംശയത്തിന് ചുട്ട മറുപടി നൽകി ആര്യ