മുരുഗദോസും മമ്മൂട്ടിയുമായി ചര്‍ച്ച, രജനിയുടെ ചങ്ക് ദോസ്‌തായി വീണ്ടും മെഗാ‌സ്റ്റാര്‍ ?!

വെള്ളി, 1 മാര്‍ച്ച് 2019 (15:33 IST)
തമിഴകത്തെ മുന്‍‌നിര സംവിധായകന്‍ എ ആര്‍ മുരുഗദോസും മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നതായി കോടമ്പാക്കത്ത് അടക്കം‌പറച്ചിലുകള്‍. മുരുഗദോസിന്‍റെ അടുത്ത പടത്തില്‍ രജനികാന്തിന്‍റെ സുഹൃത്തായി മമ്മൂട്ടിയെ അഭിനയിപ്പിക്കാനാണ് ശ്രമമെന്ന് സൂചന.
 
ദളപതിക്ക് ശേഷം മമ്മൂട്ടിയും രജനികാന്തും ഒന്നിച്ച് വന്നാല്‍ അത് രാജ്യത്തെ പിടിച്ചുകുലുക്കുന്ന ഹിറ്റായി മാറുമെന്ന ബോധ്യം മുരുഗദോസിനുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത്തരമൊരു നീക്കമെന്നാണ് അറിയുന്നത്. രജനികാന്തിന്‍റെ നായികയായി നയന്‍‌താരയും മമ്മൂട്ടിയുടെ മകളായി കീര്‍ത്തി സുരേഷും വരുമെന്നാണ് അറിയുന്നത്.
 
സണ്‍ പിക്‍ചേഴ്സ് നിര്‍മ്മിക്കുന്ന ഈ സിനിമ ഒരു പക്കാ ആക്ഷന്‍ ത്രില്ലറാണ്. തകര്‍പ്പന്‍ ഗാനങ്ങളാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. അനിരുദ്ധാണ് സംഗീതം. രജനിയുടെ കഴിഞ്ഞ ചിത്രമായ പേട്ടയില്‍ അനിരുദ്ധ് ഈണമിട്ട ഗാനങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു.
 
സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രം ചെന്നൈയിലും ഡല്‍ഹിയിലുമാണ് ചിത്രീകരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മോശമായി പോയി നേതാവേ, ഉത്തരം പറയേണ്ടത് പ്രതിപക്ഷ നേതാവാണ്; വികാരഭരിതരായി മമ്മൂട്ടി ഫാൻസ്