Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ 'നോ' മോഹന്‍ലാലിനു കൊടുത്ത ഹിറ്റുകള്‍; അത് ദൃശ്യം മാത്രമല്ല

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത ചിത്രമാണ് ദേവാസുരം

Mohanlal and Mammootty

രേണുക വേണു

, ബുധന്‍, 26 ഫെബ്രുവരി 2025 (13:08 IST)
മമ്മൂട്ടിയെ നായകനാക്കി ആലോചിച്ച സിനിമകള്‍ പിന്നീട് മറ്റ് നടന്‍മാരെ വെച്ച് ചെയ്ത സംഭവങ്ങള്‍ നാം ഒരുപാട് കേട്ടിട്ടുണ്ട്. അങ്ങനെ മമ്മൂട്ടി നഷ്ടമായത് ഒട്ടേറെ സൂപ്പര്‍ഹിറ്റുകളാണ്. അതില്‍ കൂടുതലും മമ്മൂട്ടി നോ പറഞ്ഞപ്പോള്‍ എത്തിപ്പെട്ടത് മോഹന്‍ലാലിന്റെ മുന്‍പിലും. അത്തരത്തില്‍ മമ്മൂട്ടിയെ മനസ്സില്‍ കണ്ട് എഴുതിയ തിരക്കഥകള്‍ അദ്ദേഹം നോ പറഞ്ഞതോടെ മോഹന്‍ലാല്‍ അഭിനയിച്ച് സൂപ്പര്‍ഹിറ്റാക്കി. അതില്‍ പ്രധാനപ്പെട്ട സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം. 
 
1. രാജാവിന്റെ മകന്‍ 
 
മോഹന്‍ലാലിന് സൂപ്പര്‍താര പദവി നേടിക്കൊടുത്ത ചിത്രമാണ് രാജാവിന്റെ മകന്‍. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനമാണ് ചിത്രം സംവിധാനം ചെയ്തത്. അധോലോക നായകനായ വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ രാജാവിന്റെ മകനില്‍ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് മമ്മൂട്ടിയെയാണ്. ഡെന്നീസ് ജോസഫിന്റെ തിരക്കഥ മമ്മൂട്ടിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍, സംവിധായകന്‍ തമ്പി കണ്ണന്താനം അക്കാലത്ത് ചെയ്ത മൂന്ന് സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് സംവിധായകനെ മാറ്റിയാല്‍ മാത്രമേ ഈ ചിത്രത്തില്‍ അഭിനയിക്കൂ എന്ന് മമ്മൂട്ടി വാശിപിടിച്ചു. ഒടുവില്‍ മമ്മൂട്ടിയെ മാറ്റി മോഹന്‍ലാലിനെ നായകനാക്കാന്‍ തമ്പി കണ്ണന്താനം തീരുമാനിക്കുകയായിരുന്നു.
 
2. ദേവാസുരം 
 
രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത ചിത്രമാണ് ദേവാസുരം. മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ഐക്കോണിക് കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അനശ്വരമാക്കിയത്. രഞ്ജിത്തിന്റെ തിരക്കഥ സിനിമയാക്കാന്‍ ആദ്യം തീരുമാനിച്ചത് സംവിധായകന്‍ ഹരിദാസാണ്. അന്ന് മമ്മൂട്ടിയെ നായകനാക്കാനായിരുന്നു തീരുമാനം. രഞ്ജിത്തിന്റെ തിരക്കഥ മമ്മൂട്ടി കേള്‍ക്കുകയും ചെയ്തു. പിന്നീട് ചെയ്യാം എന്ന് മമ്മൂട്ടി പറയുകയായിരുന്നു. അങ്ങനെ ഹരിദാസ് മറ്റ് സിനിമകളുടെ തിരക്കിലേക്ക് പോയി. അപ്പോഴാണ് രഞ്ജിത്ത് മോഹന്‍ലാലിനെ നായകനാക്കി ദേവാസുരം ചെയ്താലോ എന്ന ഓപ്ഷന്‍ മുന്നോട്ടുവയ്ക്കുന്നത്. ആ സമയത്ത് താന്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലായിരുന്നെന്നും അങ്ങനെയാണ് ഐ.വി.ശശി ദേവാസുരത്തിന്റെ സംവിധായകനായി എത്തിയതെന്നും ഹരിദാസ് വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമ വമ്പന്‍ വിജയമായിരുന്നു. 
 
3. റണ്‍ ബേബി റണ്‍ 
 
സച്ചിയുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് റണ്‍ ബേബി റണ്‍. റോയിട്ടേഴ്‌സ് ക്യാമറമാന്‍ വേണു എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ ഗംഭീരമാക്കി. സച്ചി തിരക്കഥ പൂര്‍ത്തിയാക്കിയപ്പോള്‍ ഈ ചിത്രത്തില്‍ നായകനായി മമ്മൂട്ടിയെയാണ് ആദ്യം തീരുമാനിച്ചത്. ജോഷിക്കും അതായിരുന്നു താല്‍പര്യം. മറ്റ് സിനിമകളുടെ തിരക്ക് കാരണം മമ്മൂട്ടി റണ്‍ ബേബി റണ്‍ ഉപേക്ഷിക്കുകയായിരുന്നു. 
 
4. ദൃശ്യം
 
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ്. ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. തിരക്കഥ എഴുതുന്ന സമയത്ത് മമ്മൂട്ടിയായിരുന്നു ജീത്തു ജോസഫിന്റെ മനസ്സിലെ ജോര്‍ജ്ജുകുട്ടി. മമ്മൂട്ടി കഥ കേള്‍ക്കുകയും ചെയ്തു. കുറച്ച് നാള്‍ കഴിഞ്ഞിട്ടേ ചെയ്യാന്‍ സാധിക്കൂ, തിരക്കുണ്ടെങ്കില്‍ വേറെ ആരെയെങ്കിലും വെച്ച് ചെയ്‌തോളൂ എന്നായിരുന്നു മമ്മൂട്ടി ജീത്തു ജോസഫിന് നല്‍കിയ മറുപടി. അങ്ങനെ മോഹന്‍ലാല്‍ ജോര്‍ജ്ജുകുട്ടിയായി. ദൃശ്യത്തിന്റെ ആദ്യം എഴുതിയ തിരക്കഥയില്‍ ഫസ്റ്റ് ഹാഫിലെ പല ഭാഗങ്ങളും മോഹന്‍ലാല്‍ വന്നതോടെ മാറ്റി എഴുതേണ്ടി വന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി പ്രണവിനെ കുറിച്ച് സംസാരിക്കില്ല, പക്വത കാണിക്കണം; ഗായത്രി സുരേഷ്