മമ്മൂട്ടി ഊണുകഴിക്കാന്‍ തുടങ്ങി, ഹോട്ടലുടമ ഞെട്ടിപ്പോയി!

വ്യാഴം, 6 ജൂണ്‍ 2019 (16:26 IST)
സാധാരണയായി ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യാത്ത ഒരു സംവിധായകനാണ് സത്യന്‍ അന്തിക്കാട്. എങ്കിലും അദ്ദേഹത്തിന്‍റെ കരിയറില്‍ ആക്ഷന് പ്രാധാന്യം നല്‍കുന്ന ചില ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പിന്‍‌ഗാമി, കനല്‍‌ക്കാറ്റ്, ഒരാള്‍ മാത്രം, അര്‍ത്ഥം തുടങ്ങിയ സിനിമകള്‍ ആക്ഷന് പ്രാധാന്യമുള്ള ഫാമിലി ത്രില്ലറുകളായിരുന്നു.
 
ഇതില്‍ കനല്‍ക്കാറ്റിന് തിരക്കഥയെഴുതിയത് ലോഹിതദാസാണ്. ‘നത്തുനാരായണന്‍’ എന്ന ഗുണ്ടാ കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിച്ചത്. ഉര്‍വശി നായികയായ ചിത്രത്തില്‍ ജയറാം, മുരളി, ശാരി, മാമുക്കോയ, മോഹന്‍‌രാജ്, കെ പി എ സി ലളിത തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
ഈ സിനിമയുടെ ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവമുണ്ടായി. കൊച്ചി ഗാന്ധിനഗര്‍ കോളനിയിലെ ഒരു ചായക്കടയിലായിരുന്നു അന്ന് ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരുന്നത്. കൊട്ടേഷന് ലഭിച്ച പണവുമായി ചെറിയ ഹോട്ടലില്‍ കയറി നത്തുനാരായണന്‍ ഊണുകഴിക്കുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്.
 
സാധാരണയായി ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പ്രൊഡക്ഷന്‍ ഭക്ഷണം തന്നെയാകും വിളമ്പുക. എന്നാല്‍ ആ ചെറിയ ഹോട്ടലും അവിടത്തെ ഭക്ഷണപദാര്‍ത്ഥങ്ങളും കണ്ടപ്പോള്‍ അവിടത്തെ ഫുഡ് തന്നെ മതിയെന്ന് മമ്മൂട്ടി പറഞ്ഞു. വൃത്തിയുണ്ടാകില്ലെന്നൊക്കെ സത്യന്‍ അന്തിക്കാട് പറഞ്ഞുനോക്കിയെങ്കിലും അവിടത്തെ ആഹാരം തന്നെ ഉപയോഗിക്കാമെന്ന് മമ്മൂട്ടി നിര്‍ബന്ധം പിടിച്ചു.
 
അഭിനയിച്ചുതുടങ്ങിയ മമ്മൂട്ടി എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. ബീഫ് കറിയുടെ സ്വാദ് ആസ്വദിച്ച് ചോറുണ്ടുതുടങ്ങിയ മമ്മൂട്ടി ഹോട്ടലിലെ കറികള്‍ കഴിയുന്നതുവരെ ഊണ് കഴിച്ചത്രേ. മമ്മൂട്ടി ഇഷ്ടത്തോടെ ആഹാരം കഴിക്കുന്നത് കണ്ട ഹോട്ടലുടമയ്ക്കും മനസ് നിറഞ്ഞു.
 
1991 ജൂലൈ നാലിന് പ്രദര്‍ശനത്തിനെത്തിയ കനല്‍ക്കാറ്റ് പക്ഷേ ശരാശരി വിജയം മാത്രമാണ് നേടിയത്. എങ്കിലും ചിത്രത്തിലെ ‘നത്തുനാരായണന്‍’ എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷകരുടെ മനസില്‍ ജീവിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ബാലു അബോധാവസ്ഥയിൽ തുടരുമ്പോൾ അവന്റെ വിരലടയാളം ചില കടലാസുകളില്‍ പതിപ്പിച്ചു’ - ലക്ഷ്മിക്കും ബന്ധുക്കൾക്കുമെതിരെ കൂടുതൽ ആരോപണങ്ങൾ