സ്വന്തം മകനെ പോലെ മമ്മൂട്ടി പ്രണവിനെ അടിച്ചു, വടിയെടുത്ത് ഓടിച്ചു: കണ്ട് നിന്ന മണിരത്നം ഞെട്ടി
മണിരത്നത്തെ ഞെട്ടിച്ച മമ്മൂട്ടി
മോഹൻലാൽ തിരക്കിലാണ്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ പ്രൊമോഷൻ തിരക്കിലാണ് അദ്ദേഹം. നടി സുഹാസിനിയുമായുള്ള തമിഴ് അഭിമുഖത്തിൽ പ്രണവ് മോഹൻലാലിനെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രണവ് അവന്റെ ജീവിതം ആസ്വദിക്കുകയാണെന്ന് മോഹൻലാൽ പറഞ്ഞു. പക്ഷെ പ്രണവിന് അവന്റേതായ ജീവിതമുണ്ട്. അവന് ഒരുപാട് സിനിമകൾ ചെയ്യാൻ ഇഷ്ടമല്ലെന്നും യാത്ര ചെയ്യണമെന്നും മോഹൻലാൽ പറഞ്ഞു.
യാത്രകൾക്കിടയിൽ വന്ന് ഒരു സിനിമ ചെയ്യും. അത് പ്രണവിന്റെ ചോയ്സാണ്. ഞങ്ങൾക്കതിൽ പ്രശ്നമില്ല. അവൻ ജീവിതം ആസ്വദിക്കട്ടെ. ഡിഗ്രി പൂർത്തിയാക്കിയ ശേഷം ഇഷ്ടമുള്ളത് ചെയ്യൂ എന്നാണ് എന്റെ അച്ഛൻ എന്നോട് പറഞ്ഞത്. പ്രണവിന്റെ പ്രായത്തിൽ എനിക്കും യാത്ര ചെയ്യാൻ ഇഷ്ടമായിരുന്നെന്നും മോഹൻലാൽ ഓർത്തു. പ്രണവിനെക്കുറിച്ച് അഭിമുഖത്തിൽ സുഹാസിനിയും സംസാരിച്ചു.
'മണി (മണിരത്നം) മമ്മൂട്ടിയോട് കഥ പറയാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ഒരു ചെറിയ പയ്യൻ അങ്ങോട്ടേക്ക് വന്നപ്പോൾ ഒരു വടിയെടുത്ത് അവനെ ഓടിച്ചു. ആരാണ് ആ പയ്യനെന്ന് ചോദിച്ചപ്പോൾ അവൻ പ്രണവ്, മോഹൻലാലിന്റെ മകനാണെന്ന് പറഞ്ഞു. മണി ഷോക്കായി. സ്വന്തം മകനെ പോലെ രണ്ട് അടി പോലും അവന് അന്ന് മമ്മൂട്ടി കൊടുത്തെ'ന്നും സുഹാസിനി ചിരിയോടെ ഓർത്തു.
ഇത് കേട്ട് മോഹൻലാലും ചിരിച്ചു. മലയാള സിനിമാ രംഗത്ത് അഭിനേതാക്കൾ ഒരു കുടുംബം പോലെയാണെന്ന് നടൻ പറഞ്ഞു. മലയാളത്തിൽ ഞങ്ങൾ ഒരുപാട് പേർ പരസ്പരം വ്യക്തിപരമായ പ്രശ്നങ്ങൾ സംസാരിക്കും. ഞങ്ങളെക്കൊണ്ട് പറ്റുന്നത് പോലെ സഹായിക്കുമെന്നും മോഹൻലാൽ പറഞ്ഞു.