അലമാര തുറക്കട്ടെ, ചിരി പരക്കട്ടെ; ഇതൊരു ഒന്നൊന്നര ഹിറ്റായിരിക്കും!
അലമാര എത്തുന്നു, ചിരിയുടെ അമിട്ട് പൊട്ടിക്കാൻ!
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അലമാര എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇന്നലെ പുറത്തിറങ്ങിയ ട്രെയിലർ യുട്യൂബിൽ തരംഗമാവുകയാണ്. സണ്ണി വെയ്നാണ് നായകൻ. ചിരിയുടെ അമിട്ട് പൊട്ടിക്കാൻ നായകനും കൂട്ടരും അലമാരയുമായി ഉടൻ എത്തും.
മിഥുൻ എന്ന സംവിധായകനെ സിനിമാപ്രേമികൾ നെഞ്ചോട് ചേർത്തത് അദ്ദേഹത്തിന്റെ ആദ്യ സിനിമയിലൂടെയാണ്. ആട് ഒരു ഭീകരജീവിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യസിനിമ. പേരിൽ തന്നെ ഒരു കൗതുകം. രണ്ടാമത്തെ സിനിമയ്ക്കുമുണ്ടായിരുന്നു ഈ കൗതുകം. ആൻമരിയ കലിപ്പിലാണ്, ബേബി സാറയെ കേന്ദ്ര കഥാപാത്രമാക്കി നിർമിച്ച രണ്ടാമത്തെ സിനിമ സൂപ്പർ ഹിറ്റായിരുന്നു.
ആടിനും ആനിനും ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അലമാര'. ആൻമരിയയിൽ നായകനായ സണ്ണി വെയ്ൻ തന്നെയാണ് അലമാരയിലും നായകനാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പേരിൽ തന്നെ ട്വിസ്റ്റ് ഒളിപ്പിച്ച് വെക്കുന്ന ചിത്രം. ഈ അലമാര സാധാരണ അലമാരയല്ലെന്ന സംവിധായകന്റെ വാക്കുകൾ ട്രെയിലർ കാണുമ്പോൾ വ്യക്തമാകുന്നു.
കല്യാണവുമായി ബന്ധപ്പെട്ട ഒരു സാധനമാണീ അലമാര. കല്യാണ ദിവസങ്ങളിൽ 'അടുക്കള കാണൽ' എന്നൊരു ചടങ്ങുണ്ട്. യാതോരു കാരണവുമില്ലാതെ കുറേ സാധനങ്ങൾ അലമാരയിലാക്കി ചെറുക്കന്റെ വീട്ടിലേക്ക് കൊണ്ടു കൊടുക്കുന്ന ഒരു ചടങ്ങ്. അതുപോലെ സ്ത്രീധനത്തിന്റെ ഭാഗമായിട്ടാണ് നമ്മുടെ അലമാരയും പോകുന്നത്. കല്യാണ ദിവസം ഒരു അലമാര ജീവിതത്തിലേക്ക് വന്നുകയറി ഒരുത്തന്റെ ജീവിതം കോഞ്ഞാട്ടയായിപ്പോകുന്നതിന്റെ കഥയാണ് പുതിയ സിനിമയെന്ന് മിഥുൻ പറഞ്ഞിരുന്നു.
വിവാഹത്തെ ഹാസ്യത്തിലൂടെ ആക്ഷേപിക്കുന്ന സിനിമയാണിത്. 'അലമാര'ക്കകത്ത് ഒരിക്കലും ആരും വിചാരിക്കാത്ത പൊളിറ്റിക്സ് ഒളിഞ്ഞു കിടപ്പുണ്ട്. ചുരുക്കി പറഞ്ഞാൽ പ്രശ്നങ്ങളുടെ കൂമ്പാരമാണീ അലമാര. ഈ മാസം പതിനഞ്ചിന് ചിത്രീകരണം ആരംഭിക്കും. കൊച്ചിയും ബംഗളൂരുവുമാണ് ലൊക്കേഷനുകള്‍. വലിയ വിപ്ലവകരമായ സംഗതിയൊന്നുമല്ലെന്ന് മിഥുൻ വ്യക്തമാക്കുന്നു.