Midnight in Mullankolli: ബിഗ് ബോസ് ആരാധകര്‍ പോലും കൈവിട്ടു; അഖില്‍ മാരാര്‍ ചിത്രത്തിനു ആളില്ല, ഷോ റദ്ദാക്കി
റിലീസ് ദിനത്തില്‍ മോശം പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്
Midnight in Mullankolli: ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയരായ അഖില്‍ മാരാര്‍, അഭിഷേക്, സെറീന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' വന്‍ പരാജയത്തിലേക്ക്. ബോക്‌സ്ഓഫീസില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ ചിത്രത്തിനു സാധിച്ചിട്ടില്ല.
റിലീസ് ദിനത്തില്‍ മോശം പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. ചില സ്‌ക്രീനുകളില്‍ പ്രേക്ഷകര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഷോ റദ്ദാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രമാണെങ്കിലും മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ പോലും 'മിഡ്‌നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി'ക്ക് സാധിക്കില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
അതേസമയം തന്റെ സിനിമ അവസാന 20 മിനിറ്റ് പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. 'ആക്ഷനൊക്കെ നന്നായി വന്നുവെന്ന് മറ്റുള്ളവര്‍ പറഞ്ഞാല്‍ ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കും. അവസാനത്തെ 20 മിനിറ്റ് ഓക്കേയാണോ, ഞാന്‍ ബാക്കിയൊന്നും ചോദിക്കുന്നില്ല. അവസാനത്തെ 20 മിനിറ്റ് തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ പ്രേക്ഷകര്‍ക്ക് സംതൃപ്തിയുണ്ടല്ലോ. അങ്ങനെയാണ് എനിക്ക് തോന്നിയത്. ഞാന്‍ പലരേയും ശ്രദ്ധിച്ചിരുന്നു,' യുട്യൂബ് ചാനലുകളോട് അഖില്‍ പ്രതികരിച്ചു.