കാത്തിരുന്ന് കാത്തിരുന്ന് മായാനദിയിലെ ഗാനമെത്തി
മാത്തന്റേയും അപ്പുവിന്റേയും പ്രണയത്തിനെന്ത് ഭംഗി...
ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ ‘മിഴിയില്‍ നിന്നും മിഴിയിലേക്ക്’ എന്ന ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. ഷഹബാസ് അമന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ഗാനം ഏറെ നിരൂപക പ്രശംസയും പ്രേക്ഷകപ്രശംസയും നേടിയ ഒന്നാണ്.
റെക്സ് വിജയൻ ഈണമിട്ട പാട്ടിന്റെ വരികൾ രചിച്ചിരിക്കുന്നത് അൻവർ അലിയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവീനോ തോമസും ഐശ്വര്യ ലക്ഷ്മിയും തന്നെയാണ് ഗാനരംഗത്തിലുമുള്ളത്. ഇരുവരുമൊന്നിച്ചുള്ള പ്രണയരംഗങ്ങൾ വികാരതീവ്രമായ ഗാനത്തിന് മാറ്റു കൂട്ടുന്നതാണ്.
മാത്തന്റേയും അപ്പുവിന്റേയും പ്രണയം എത്ര മനോഹരമാണെന്ന് സിനിമ കാണാത്തവര്‍ വരെ പറഞ്ഞു പോകുന്നുണ്ട് ഈ ഗാനം കണ്ട് കഴിയുമ്പോള്‍. തീവ്രതയേറിയ അനുരാഗ രംഗങ്ങള്‍ വളരെ നിര്‍മലമായാണ് ചിത്രീകരിച്ചിരിക്കുന്നത്.