Mohanlal in Jailer: തെന്നിന്ത്യന്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍. രജനികാന്ത് നായകനായി എത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രെമോ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മാസ് ഗെറ്റപ്പില്‍ രജനിയും വിന്റേജ് ലുക്കില്‍ മോഹന്‍ലാലും അവതരിക്കുന്ന ടീസറിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ക്കിടയില്‍ നിന്ന് ലഭിച്ചത്.
ജയിലറിലെ മോഹന്‍ലാലിന്റെ വേഷത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം. രജനിയുടെ വില്ലനായാണ് മോഹന്‍ലാല്‍ എത്തുകയെന്ന് അനൗദ്യോഗികമായ ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അടിസ്ഥാനരഹിതമാണ്. ജയിലറില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നത്. കേവലം പത്ത് മിനിറ്റില്‍ താഴെയാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ദൈര്‍ഘ്യം. രജനിക്കൊപ്പമുള്ള സീനുകളും മോഹന്‍ലാലിനുണ്ട്.
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ ഓഗസ്റ്റ് 10 നാണ് റിലീസ് ചെയ്യുക. മോഹന്‍ലാലിന് പുറമേ ജാക്കി ഷറോഫും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.