മമ്മൂട്ടി ചിത്രമായിരുന്ന 'കിരീടം' മോഹൻലാലിലേക്ക് എത്തിയത് എങ്ങനെ?
മമ്മൂട്ടി ചിത്രമായിരുന്ന 'കിരീടം' മോഹൻലാലിലേക്ക് എത്തിയത് എങ്ങനെ?
മലയാളികളെ ഒന്നടങ്കം സങ്കടത്തിലാഴ്‌ത്തിയ മോഹൻലാൽ ചിത്രമായിരുന്നു കിരീടം. ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം റിലീസിനെത്തിയിട്ട് ജൂലൈ 7 ന് 29 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. 1989 ല്‍ ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയാണ് കിരീടം. പോലീസ് കോണ്‍സ്റ്റബിളായ അച്യുതന്‍ നായരുടെയും മകന്‍ സേതുമാധവന്റെയും കഥയാണ് കീരിടത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചത്.
മോഹൻലാലിന്റെ സേതുമാധവൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. മോഹൻലാലിന്റെ കരിയറിലെതന്നെ ഏറ്റവും മികച്ച സിനിമ എന്നുതന്നെ കിരീടത്തെ പറയാനാകും.
കിരീടത്തിന് തിരക്കഥ എഴുതിയ അതേ സമയത്താണ് ഐവി ശശി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിനും ലോഹിതദാസ് തിരക്കഥ എഴുതിയിരുന്നത്. ആ ചിത്രത്തിന് കിരീടം എന്നായിരുന്നു ലോഹിതദാസ് ആദ്യം പേര് കൊടുത്തിരുന്നത്. എന്നാല്‍ ആ പേര് ഐവി ശശിയ്ക്ക് ഇഷ്‌ടപ്പെട്ടിരുന്നില്ല. തുടർന്ന് ഇതേക്കുറിച്ച് സിബി മലയിലിനോട് സംസാരിക്കുകയും, നമ്മുടെ പുതിയ ചിത്രത്തിന് ആ പേര് ഇടാം എന്ന് പറയുകയുമായിരുന്നു. അങ്ങനെയാണ് മോഹന്‍ലാല്‍ ചിത്രത്തിന് കിരീടം എന്ന പേര് തീരുമാനിച്ചത്. ആ മമ്മൂട്ടി ചിത്രത്തിന് മുക്തി എന്ന് പേരിടുകയും ചെയ്‌തു.