എമ്പുരാൻ ഹിറ്റാകുമ്പോൾ പലരും മറന്നു പോകുന്ന ഒരു പേരാണ് മുരളി ഗോപി. പൃഥ്വിരാജിന്റെ മേക്കിംഗ് സ്‌കിൽ അതിഗംഭീരമെന്നും മോഹൻലാലിന്റെ അഭിനയം അസാധ്യമെന്നും പറയുന്നവർ മുരളി ഗോപിയുടെ എഴുത്തിനെ അധികം പുകഴ്ത്തി കാണാറില്ല. ഇന്ത്യൻ വർത്തമാനകാല രാഷ്ട്രീയം ഇത്രമേൽ സൂക്ഷ്മതയോടെ ഒപ്പിയെടുത്ത മറ്റൊരു ചിത്രം മലയാളത്തിലില്ല. പ്രത്യേകിച്ച് സംഘപരിവാർ രാഷ്ട്രീയം. ഹിന്ദുത്വ രാഷ്ട്രീയ ഭീകരത എമ്പുരാൻ ആഴത്തിൽ വരച്ചുകാട്ടുന്നുണ്ട്.
ബാബറി മസ്ജിദ് പ്രശ്നമടക്കം ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഇത്തരമൊരു വിഷയം പറയാൻ പൃഥ്വിരാജ് കാണിച്ച ധൈര്യത്തിന് കൈയ്യടിക്കുന്നവർ അതെഴുതിയ മുരളി ഗോപിക്കും കൈയ്യടി നൽകണം. ദേശീയ രാഷ്ട്രീയത്തോടൊപ്പം തന്നെ കേരളത്തിലെ മുല്ലപ്പെരിയാർ പ്രശ്നം പോലും സിനിമ ചർച്ച ചെയ്യുന്നുണ്ട്. എമ്പുരാന്റെ ഷൂട്ടിങ് സമയത്ത് 2023 ൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് കേരളയ്ക്ക് മുരളി ഗോപി നൽകിയ ഒരു അഭിമുഖവും അതിൽ തന്റെ എഴുത്തിനെ കുറിച്ച് പറയുന്ന കാര്യങ്ങളുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
'എഴുതുമ്പോൾ ഇത് ആരെയൊക്കെ ഏതൊക്കെ രീതിയിൽ ബാധിക്കും എന്ന് ചിന്തിക്കാറില്ല. അങ്ങനെ ചിന്തിച്ചാൽ പേന ചലിപ്പിക്കാൻ കഴിയില്ല. ഇത് എത്ര പേരെ ബാധിക്കും എന്നൊക്കെ ചിന്തിച്ച് എഴുതാതിരിക്കുന്നതിൽ ബെനഫിറ്റ് ഉണ്ടാകും. പക്ഷെ അത് നമ്മൾ കലയോടും ആ ക്രാഫ്റ്റിനോടും ചെയ്യുന്ന ചതിയാണ്', മുരളി ഗോപി അന്ന് പറഞ്ഞു.