കൈയ്യിൽ തോക്കേന്തി നസ്ലൻ, എത്തുന്നത് ഈ സൂപ്പർതാര ചിത്രത്തിൽ
കടൽതീരത്ത് തോക്കും പിടിച്ച് നിൽക്കുന്ന താരത്തിന്റെ സ്റ്റിൽ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ രോഹിത് വിഎസ്.
ആസിഫ് അലി നായകനാവുന്ന എറ്റവും പുതിയ ചിത്രം ടിക്കി ടാക്കയിലെ നസ്ലിന്റെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിഗ് വച്ച് പുതിയ ലുക്കിലാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ നസ്ലിന്റെ ലൊക്കേഷൻ ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ അൽപം സീരിയസായി കടൽതീരത്ത് തോക്കും പിടിച്ച് നിൽക്കുന്ന താരത്തിന്റെ സ്റ്റിൽ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ രോഹിത് വിഎസ്.
ജീവിതത്തിലെ നഷ്ടങ്ങൾ ഒരു ആൺകുട്ടിയുടെ കയ്യിൽ തോക്ക് പിടിപ്പിച്ചു; സ്നേഹം അവനെ ഒരു പുരുഷനാക്കി മാറ്റി എന്ന ക്യാപ്ഷനോട് കൂടിയാണ് രോഹിത്ത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോ ആരാധകർ ഏറ്റെടുത്തു. ഇതുവരെ അധികം ചെയ്യാത്ത ഗ്രേ ഷേഡ് റോളിലാവും നസ്ലൻ ചിത്രത്തിൽ എത്തുകയെന്നാണ് സൂചന.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ സിനിമകൾക്ക് ശേഷം ആസിഫ് അലിയെ നായകനാക്കി രോഹിത് ഒരുക്കുന്ന ചിത്രം കൂടിയാണ് ടിക്കി ടാക്ക. മാസ് ആക്ഷൻ വിഭാഗത്തിൽപെടുന്ന സിനിമയിൽ തനിക്ക് വലിയ പ്രതീക്ഷയാണുളളതെന്ന് നേരത്തെ ആസിഫ് അലി പറഞ്ഞിരുന്നു. തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് ടിക്കി ടാക്കയെയെന്നും ഒരഭിമുഖത്തിൽ ആസിഫ് അലി അഭിപ്രായപ്പെട്ടു.