Premalu 2 Dropped: നസ്ലനും സംവിധായകനും തമ്മില്‍ അഭിപ്രായ ഭിന്നത; 'പ്രേമലു 2' ഉടനില്ലെന്ന് റിപ്പോര്‍ട്ട്, പകരം നിവിന്‍ പോളി ചിത്രം?
Naslen and Gireesh AD: നേരത്തെ പ്രഖ്യാപനം നടന്ന 'പ്രേമലു 2' ജൂണില്‍ ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനം
Premalu 2 Dropped: നസ്ലന്‍, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'പ്രേമലു' മലയാളത്തിലും പാന്‍ ഇന്ത്യന്‍ തലത്തിലും വലിയ വിജയമായിരുന്നു. ആരാധകര്‍ വലിയ പ്രതീക്ഷകളോടെയാണ് 'പ്രേമലു 2' വിനു വേണ്ടി കാത്തിരിക്കുന്നത്. എന്നാല്‍ ഈ പ്രൊജക്ട് തല്‍ക്കാലം നടക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
നേരത്തെ പ്രഖ്യാപനം നടന്ന 'പ്രേമലു 2' ജൂണില്‍ ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സംവിധായകന്‍ ഗിരീഷും നടന്‍ നസ്ലനും തമ്മിലുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് 'പ്രേമലു 2' താല്‍ക്കാലികമായി അനിശ്ചിതത്വത്തിലാണ്. നസ്ലന്‍ കഥയില്‍ അതൃപ്തി പ്രകടിപ്പിച്ചെന്നും അതിനാല്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കാന്‍ സാധിക്കില്ലെന്നുമാണ് വിവരം. ഇതേ കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ്, വര്‍ക്കിങ് ക്ലാസ് ഹീറോ എന്നീ ബാനറുകളില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രേമലു നിര്‍മിച്ചത്. ഭാവന സ്റ്റുഡിയോസ് തന്നെയാണ് പ്രേമലു 2 പ്രഖ്യാപനം നടത്തിയതും. എന്നാല്‍ 'പ്രേമലു 2' വിനു മുന്‍പ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമയിലേക്കാണ് ഭാവന സ്റ്റുഡിയോസ് കടക്കാന്‍ പോകുന്നതെന്ന് ദിലീഷ് പോത്തന്‍ സൂചന നല്‍കി. ഈ ചിത്രത്തില്‍ നിവിന്‍ പോളിയും മമിതയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.