Publish Date: Wed, 30 Oct 2024 (17:10 IST)
Updated Date: Wed, 30 Oct 2024 (17:32 IST)
സൗത്ത് ഇന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 'ഫിലിം നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ' എന്നാണ് ഡോക്യൂമെന്ററിയുടെ പേര്. താരസുന്ദരിയുടെ പിറന്നാൾ ദിനമായ നവംബർ 18ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. റെഡ് കാർപ്പറ്റിൽ കാമറയ്ക്ക് മുന്നിൽ നിൽക്കുന്ന നയൻതാരയുടെ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം.
സംവിധായകൻ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹത്തേക്കുറിച്ചുള്ള ഡോക്യുമെന്ററിയായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് താരത്തിന്റെ കരിയർ കൂടി ഉൾപ്പെടുത്തി ഡോക്യു- ഫിലിം ആക്കുകയായിരുന്നു. ഒരു മണിക്കൂർ 21 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.
രണ്ട് വർഷം മുൻപാണ് നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിലിന്റെ ടീസർ പുറത്തുവരുന്നത്. തങ്ങളുടെ പ്രണയത്തേക്കുറിച്ചും വിവാഹത്തേക്കുറിച്ചുമെല്ലാം നയൻതാരയും വിഘ്‌നേഷും പറയുന്നതാണ് വിഡിയോയിൽ. മനസിനക്കരയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നയൻതാര തെന്നിന്ത്യൻ സിനിമാലോകം കീഴടക്കുകയായിരുന്നു. താരത്തിന്റെ കരിയറിന്റെ തുടക്കം മുതലുള്ള കാര്യങ്ങൾ സിനിമയിലൂടെ കാണാനാവും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.