മൂത്തോന്റെ ചിത്രീകരണം പൂർത്തിയായി; നിവിനെ പ്രശംസിച്ച് ഗീതു
മൂത്തോന്റെ ചിത്രീകരണം പൂർത്തിയായി
നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്റെ ചിത്രീകരണം പൂർത്തിയായി. മുംബൈയിലും ലക്ഷദ്വീപിലുമായിരുന്നു ചിത്രീകരണം. ഗീതു മോഹൻദാസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
തല മൊട്ടയടിച്ച് പുതിയൊരു ഗെറ്റപ്പിലാണ് നിവിൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരിച്ച സിനിമയ്ക്ക് 'ഇന്‍ഷാ അള്ളാഹ്' എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെത്തേടി യാത്രതിരിക്കുന്നതാണ് കഥ. രാജ്യാന്തര തലത്തിൽ പ്രശസ്തമായ സുഡാൻസ് ഫിലിം ഫെസ്റ്റിവലില്‍ സ്ക്രീൻ റൈറ്റേഴ്സ് ലാബ് 2015-ൽ തിരഞ്ഞെടുത്ത ആദ്യ മലയാളസിനിമ കൂടിയാണ് മൂത്തോൻ.
ഗീതു മോഹൻദാസിന്റെ വാക്കുകളിലേക്ക്– ‘നിവിനല്ലായിരുന്നെങ്കിൽ മൂത്തോൻ എന്നൊരു പ്രോജക്ട് ഇതുപോലെ ആകുമായിരുന്നില്ല, സഖാവിന് സല്യൂട്ട്.’– നിവിനെ പ്രശംസിച്ച് ഗീതു പറഞ്ഞു. ‘മൂത്തചേട്ടനെ ലക്ഷദ്വീപിൽ മൂത്തോൻ എന്നാണ് വിളിക്കുന്നത്. മൂത്തവൻ എന്നാണ് അർഥം. മൂത്തോന്‍ മലയാള ചിത്രമായിട്ടാണ് ചിത്രീകരിക്കുക. ലൊക്കേഷനിൽ ബോംബെയും ഉൾപ്പെട്ടിരിക്കുന്നതിനാൽ കഥാപാത്രങ്ങളില്‍ ഭാഷയായി ഹിന്ദി കടന്നുവരുന്നുണ്ട്. ബോംബെയില്‍ നടക്കുന്ന ഭാഗങ്ങളുടെ സംഭാഷണം രചിച്ചിരിക്കുന്നത് അനുരാഗ് കശ്യപ് ആണ്.’
കഥ എഴുതുമ്പോൾ തന്നെ നിവിൻപോളിയെയാണ് മനസ്സിൽ കണ്ടതെന്ന് ഗീതു മോഹൻദാസ് പറയുന്നു. ‘ആ കഥാപാത്രത്തിന് യോജിച്ച ആൾ എന്ന രീതിയിലാണ് നിവിനെ കാസ്റ്റ് ചെയ്തത്. വ്യത്യസ്തമായ സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് നിവിൻ. എനിക്കും ക്ലീഷേ കാസ്റ്റിങ്ങ് ആകരുതെന്ന് ഉണ്ടായിരുന്നു. കഥ നിവിനും ഇഷ്ടമായി. ’ഗീതു പറഞ്ഞു
ചിത്രത്തിന്റെ തിരക്കഥ ഗീതു തന്നെയാണ്, ഛായാഗ്രഹണം ഭര്‍ത്താവ് രാജീവ് രവിയും. ഗീതു മോഹന്‍ദാസ് തിരക്കഥയൊരുക്കുമ്പോള്‍ ഹിന്ദി സംഭാഷണങ്ങള്‍ എഴുതുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപാണ്.
"മൂത്തോൻ തന്റെ സ്വപ്നസിനിമയാണെന്നും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടീം ആണ് സിനിമയുടേത്. ഈ സിനിമയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. അവരുടെ പ്രതീക്ഷയും ഗുണവും ആ കഥാപാത്രത്തിൽ കാണിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ വെല്ലുവിളി. ഭാഷാപരമായും രണ്ടു രീതിയിലാണ് സിനിമ. ഹിന്ദിയിലും ലക്ഷദ്വീപ് ഭാഷയിലും സംസാരിക്കേണ്ടി വരും. അതുകൊണ്ടുതന്നെ സിനിമയ്ക്കായി വലിയ മുന്നൊരുക്കങ്ങൾ ആവശ്യമാണ്. ഞാൻ ആവേശത്തിലാണ്." നിവിൻ പറഞ്ഞു.