ബോബി ചെമ്മണ്ണൂർ മാത്രമല്ല, ഇനിയുമുണ്ട് ആൾക്കാർ; നിലപാടിലുറച്ച് ഹണി റോസ്
നിരവധി പേർ കുടുങ്ങുമെന്നാണ് സൂചന.
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ അശ്ലീല കമൻ്റിട്ടവർക്കെതിരേയും നടി ഹണി റോസ് പരാതി നൽകും. സ്ത്രീത്വത്തെ അപമാനിച്ചതിനും അശ്ലീല കമന്റുകൾ ഇട്ടവർക്കെതിരെയുമാണ് നടപടി. നിരവധി പേർ കുടുങ്ങുമെന്നാണ് സൂചന. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയ വിവരം ഹണി റോസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
അതേസമയം ബോബി ചെമ്മണ്ണൂരിനെതിരെ എടുത്ത കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. തനിക്കെതിരെ തുടർച്ചയായി അശ്ലീല അധിക്ഷേപങ്ങൾ നടത്തുന്നുവെന്ന് കാണിച്ചാണ് എറണാകുളം സെൻട്രൽ പൊലീസിൽ ഹണി റോസ് പരാതി നൽകിയത്.
അതേസമയം ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത സൈബർ അധിക്ഷേപ കേസിൽ ഫെയ്സ്ബുക്കിൽ നിന്ന് കൊച്ചി പൊലീസ് വിവരങ്ങൾ തേടി. ഈ പരാതിയിൽ മൊഴി നൽകിയ ഹണി റോസ് ഇൻസ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്ക്രീൻഷോട്ട് സഹിതം പൊലീസിന് കൈമാറി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു.