ഫെമിനിസ്റ്റ് ടാഗുകൾ കാരണം തനിക്ക് അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്ന് നടി പാർവതി തിരുവോത്ത്. നിലപാടുകൾ തുറന്നു പറയുന്നതിലൂടെ, പ്രേക്ഷകരുമായുള്ള എന്റെ ബന്ധം എന്നെന്നേക്കുമായി മാറുമോ എന്നായിരുന്നു തന്റെ ഭയമെന്ന് പാർവതി പറയുന്നു. 2017 ഫെബ്രുവരിയിൽ നടിയെ തട്ടിക്കൊണ്ടുപോയ സംഭവം ഞങ്ങളെയെല്ലാം മാറ്റിമറിച്ചുവെന്നും തനിക്ക് ഇപ്പോഴും സങ്കടവും ദേഷ്യവുമൊക്കെയുണ്ട്. ആളുകൾക്ക് ലഭിക്കുന്ന ശിക്ഷാ ഇളവൊക്കെ എനിക്ക് വളരെ ഷോക്കാണ്. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പാർവതി ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടുന്നത്.
'ഇപ്പോൾ പാർവതി ഒരു ആക്ടിവിസ്റ്റ്, പ്രശ്നകാരി, ഫെമിനിസ്റ്റ്, ഫെമിനിച്ചി, അങ്ങനെയൊക്കെയാണ്. അതുകൊണ്ട് ഇപ്പോൾ ഞാൻ അവതരിപ്പിക്കുന്ന ഒരു കഥാപാത്രത്തെ പ്രേക്ഷകർക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ ഇരട്ടിയോ അല്ലെങ്കിൽ മൂന്നിരട്ടിയോ ശ്രമം നടത്തേണ്ടി വരും.
അന്യായമുള്ള ഒരു തൊഴിലിടത്ത് ഞാൻ ഉണ്ടാകില്ല എന്ന തീരുമാനമാണ് ഏറ്റവും കൂടുതൽ ദൃഢമായത്. നീതിയും അന്തസുമാണ് ഏറ്റവും അടിസ്ഥാനപരമായി നമുക്ക് വേണ്ട കാര്യങ്ങൾ. തുല്യവും സുരക്ഷിതവുമായ ഒരു തൊഴിൽ അന്തരീക്ഷമാണ് നമുക്ക് വേണ്ടത്. അത് മാറിയിട്ടില്ല. പക്ഷേ, പോരാടുന്ന മനോഭാവം മാറി. എല്ലാത്തിനുമുപരി, എന്തെങ്കിലുമൊക്കെ പിടിച്ചു വാങ്ങേണ്ടി വരുമെന്ന് ഞങ്ങൾ കരുതിയിരുന്നു', പാർവതി പറഞ്ഞു.