മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില്‍ കഴിഞ്ഞ ദിവസമാണ് നയൻതാര ജോയിൻ ചെയ്തത്. 9 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. കൊച്ചിയിലെ ഷെഡ്യുൾ മമ്മൂട്ടി-നയൻതാര കോമ്പിനേഷൻ സീനുകളാണ് ഷൂട്ട് ചെയ്യുന്നത്. ഇതേക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
നയൻതാരയ്ക്ക് മമ്മൂട്ടിയുമായിട്ടാണ് കോമ്പിനേഷൻ സീനുകൾ ഉള്ളത്. മോഹൻലാലും നയൻതാരയും ഒരുമിച്ച് സ്‌ക്രീൻ പങ്കുവെയ്ക്കുന്നില്ലെന്നാണ് സൂചന. മോഹൻലാലിന്റെ സീനുകൾ ഇനിയും ഷൂട്ട് ചെയ്യാനുണ്ട്. എന്നാൽ, നയൻതാരയ്ക്ക് കൊച്ചിയിൽ മാത്രമാണ് ഷൂട്ട് ഉള്ളതെന്നും മമ്മൂട്ടിയുടെ നായികാ കഥാപാത്രത്തെയാണ് നയൻ അവതരിപ്പിക്കുന്നതെന്നുമാണ് റിപ്പോർട്ട്. കൂടാതെ, ഈ സിനിമയ്ക്കായി നയൻതാര 10 കോടിയാണ് പ്രതിഫലം വാങ്ങുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ നാലാമത്തെ ഷെഡ്യൂൾ ആണ് കൊച്ചിയിൽ ഇപ്പോൾ നടക്കുന്നത്. നടി രേവതി ഉൾപ്പെടുന്ന പ്രധാന രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. മമ്മൂട്ടിയും മോഹന്‍ലാലും പതിനെട്ടു വർഷങ്ങൾക്കു ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ദർശന രാജേന്ദ്രൻ തുടങ്ങിയവരുമുണ്ട്.