Kerala State Film Awards: മികച്ച നടിക്കായുള്ള പോരാട്ടത്തില്‍ ഉര്‍വശിയും പാര്‍വതിയും ഇഞ്ചോടിഞ്ച്, നടന്‍ പൃഥ്വി തന്നെ; ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ
മികച്ച നടിയാകാന്‍ ഉര്‍വശിയും പാര്‍വതി തിരുവോത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്
Kerala State Film Awards: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ. 2023 ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ആദ്യ ഘട്ടത്തില്‍ 160 ലേറെ സിനിമകളാണ് പുരസ്‌കാര നിര്‍ണത്തിനു എത്തിയത്. രണ്ടാം ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ അത് അമ്പതില്‍ താഴെയായി. മമ്മൂട്ടി, പൃഥ്വിരാജ്, ഉര്‍വശി, പാര്‍വതി തിരുവോത്ത് തുടങ്ങി പ്രമുഖ താരങ്ങളെല്ലാം വിവിധ കാറ്റഗറികളിലായി മത്സരരംഗത്തുണ്ട്.
മികച്ച നടിയാകാന്‍ ഉര്‍വശിയും പാര്‍വതി തിരുവോത്തും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇരുവരും മികച്ച നടിക്കായുള്ള മത്സരത്തില്‍ ഇടം പിടിച്ചത്. ഇരുവരും അവാര്‍ഡ് പങ്കിടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മികച്ച നടനായുള്ള മത്സരത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും ആയിരുന്നു അവസാന റൗണ്ട് വരെ ഒപ്പത്തിനൊപ്പം നിന്നത്. കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടി പരിഗണിക്കപ്പെട്ടത്. ആടുജീവിതത്തിലെ നജീബ് എന്ന കഥാപാത്രത്തിലൂടെ പൃഥ്വിരാജും ജൂറിയുടെ മനം കവര്‍ന്നു. കഴിഞ്ഞ തവണ മമ്മൂട്ടിയാണ് അവാര്‍ഡിനു അര്‍ഹനായത്. അതിനാല്‍ തന്നെ ഇത്തവണ പൃഥ്വിരാജിനാണ് മേല്‍ക്കൈ. മാത്രമല്ല ആടുജീവിതത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പൃഥ്വി നടത്തിയ കഠിനപ്രയത്‌നങ്ങളെ അവഗണിക്കാന്‍ ജൂറിക്ക് സാധിക്കില്ല.
മികച്ച സിനിമയ്ക്കായുള്ള മത്സരവിഭാഗത്തില്‍ ആടുജീവിതം, കാതല്‍, ഉള്ളൊഴുക്ക് എന്നിവയാണ് മത്സരിക്കുന്നത്. ക്രിസ്റ്റോ ടോമി മികച്ച സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയേക്കും.