നയന്‍താരയെ സൂപ്പര്‍സ്റ്റാറെന്നു വിശേഷിപ്പിച്ച് പാര്‍വതി തിരുവോത്ത്; മുന്‍പ് പറഞ്ഞത് ഓര്‍മയുണ്ടോയെന്ന് സോഷ്യല്‍ മീഡിയ !
നയന്‍താരയെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു പാര്‍വതി വിശേഷിപ്പിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം
ധനുഷ്-നയന്‍താര വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ആദ്യ പ്രതികരണം നടത്തിയ തെന്നിന്ത്യന്‍ താരമാണ് പാര്‍വതി തിരുവോത്ത്. നയന്‍താരയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പാര്‍വതിയുടേത്. ഇതിനു കാരണവും പാര്‍വതി വ്യക്തമാക്കുന്നുണ്ട്. വെറുതെ എന്തെങ്കിലും പറയുന്ന ആളല്ല നയന്‍താരയെന്നും സപ്പോര്‍ട്ട് ഇല്ലാത്ത അവസ്ഥ തനിക്കും പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും പാര്‍വതി പറയുന്നു.
' നയന്‍താരയ്ക്ക് പിന്തുണ നല്‍കി നിലപാടെടുക്കാന്‍ അധികം സമയമൊന്നും വേണ്ടിവന്നില്ല. നയന്‍താരയുടെ പോസ്റ്റ് കണ്ടപ്പോള്‍ ഉടനെ തന്നെ അത് പങ്കുവയ്ക്കണമെന്നു തോന്നി. കാരണം, തനിയെ കരിയര്‍ ബില്‍ഡ് ചെയ്തുകൊണ്ടുവന്ന സെല്‍ഫ് മെയ്ഡ് വുമണ്‍ എന്നു പറയാന്‍ പറ്റുന്ന നയന്‍താരയ്ക്ക്, അല്ലെങ്കില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു പറയുന്ന നയന്‍താരയ്ക്ക് ഇങ്ങനെയൊരു മൂന്ന് പേജ് കത്ത് എഴുതേണ്ട അവസ്ഥ വരുന്നുണ്ടെങ്കില്‍ എനിക്ക് അത് മനസിലാകും. മൂന്നു പേജില്‍ അവര്‍ അനുഭവിച്ച കാര്യങ്ങള്‍ എഴുതേണ്ടി വന്നു. അപ്പോള്‍ എനിക്ക് പിന്തുണയ്ക്കണമെന്നു തോന്നി. അതൊരു യഥാര്‍ഥ പ്രശ്‌നമാണ്,' പാര്‍വതി പറഞ്ഞു.
എന്നാല്‍ നയന്‍താരയെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു പാര്‍വതി വിശേഷിപ്പിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. നേരത്തെ 'സൂപ്പര്‍സ്റ്റാര്‍' എന്ന വാക്കിനെതിരെ രംഗത്തെത്തിയ താരമാണ് പാര്‍വതി. അതേ പാര്‍വതിയാണ് ഇപ്പോള്‍ നയന്‍താരയെ അഭിമാനത്തോടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു വിശേഷിപ്പിച്ചിരിക്കുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചിട്ടുണ്ട്.
' സൂപ്പര്‍താര പദവി ആര്‍ക്കും ഒന്നും നല്‍കുന്നില്ല. ആ വാക്കിന്റെ അര്‍ത്ഥം തന്നെ എനിക്ക് മനസിലായിട്ടില്ല. അതുകൊണ്ട് ആര്‍ക്കാണ് ഇവിടെ എന്തെങ്കിലും ഗുണം ഉണ്ടായിട്ടുള്ളതെന്ന് അറിയില്ല. സ്വാധീനമാണോ, ഇമേജ് ആണോ, താരാരാധന മൂത്ത് ഭ്രാന്തായവര്‍ ഇടുന്നതാണോ...എനിക്ക് അറിയില്ല.' എന്നാണ് റെഡ് എഫ്എമ്മിനു നല്‍കിയ പഴയൊരു അഭിമുഖത്തില്‍ പാര്‍വതി പറയുന്നത്.