റാം തിരക്കഥയെഴുതി സംവിധാനം ചെയ്ത പേരൻപിന്റെ ഇന്ത്യൻ പ്രീമിയർ ഷോയായിരുന്നു ഇന്നലെ ഇഫിയിൽ. ചിത്രം കണ്ട ശേഷം മാധ്യമ പ്രവർത്തകനായ സഫറാസ് അലി എഴുതിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. അഭിനയത്തോടുള്ള മമ്മൂട്ടിയുടെ ആസക്തിയുടെ പരകോടിയാണ് അമുദവനെന്ന കഥാപാത്രമെന്ന് സഫറാസ് എഴുതുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പേരൻപ്
റാം തിരക്കഥയെഴുതി സംവിധാനം ചെയ്ത പേരൻപിന്റെ ഇന്ത്യൻ പ്രീമിയർ ഷോയായിരുന്നു ഇന്ന് ഇഫിയിൽ. തീവ്രമായ പ്രമേയം, മനോഹരമായ ആഖ്യാനം. ബന്ധങ്ങളുടെ തീവ്രതയെ വാറ്റി പാകപ്പെടുത്തി അത്രമേൽ ലഹരിയോടും ലാവണ്യാത്മകമായും ആവിഷ്കരിച്ചിരിക്കുന്നു. റാമിലെ മാസ്റ്റർ ക്രാഫ്റ്റ്മാൻ മമ്മൂട്ടിയിലെ നടനവിസ്മയത്തിൽ മാറ്റുരയ്ക്കുന്ന 'പേരൻപ് ' പ്രേക്ഷകന് അവിസ്മരണീയാനുഭൂതിയാണ് പകരുന്നത്.
ഉപരിതലത്തിൽ ശാന്തമായൊഴുകുന്ന പുഴ പോലെയാണ് സിനിമയുടെ തിരക്കഥ. സിനിമയിലുടനീളവും തീർന്നശേഷവും അഗാധതയിലെ അടിയൊഴുക്കിൽ നാം അകപ്പെടുകയാണ്. പ്രകൃതിയുടെ നാനാത്വത്തിൽ ജീവിതത്തിന്റെ ഏകത്വം വിഭാവനം ചെയ്യുന്ന പന്ത്രണ്ട് ഖണ്ഡങ്ങളിലായാണ് കഥ പറയുന്നത്. നായകനായ അമുദവനാണ് (മമ്മൂട്ടി ) നരേറ്റർ. അയാളുടെയും ഓട്ടിസം ബാധിച്ച പാപ്പ (സാധന) എന്ന പതിനാലുകാരി മകളുടേയും ഉർവരതയുടേയും ജീവനത്തിന്റേയും പലായനങ്ങളുടെ വൈകാരിക പ്രതിഫലനമാണ് സ്ക്രിപ്റ്റിൽ. ദൃശ്യഭാഷയിലും സംഭാഷണത്തിലും പാലിച്ച പാകത ഇവിടെ പ്രധാനമാണ്.
അമുദവനായി ജീവിച്ച മമ്മൂട്ടിയുടേത് ഭാവതീവ്രവും അസാധാരണവുമായ പ്രകടമാണ്. അഭിനയത്തോടുള്ള അയാളുടെ ആസക്തിയുടെ പരകോടിയാണീ ക്യാരക്റ്റർ. നിസ്സഹായനായ വെറും അച്ഛനിൽ നിന്നാണ് അമുദവൻ പ്രതിസന്ധികളെ പൂപോലെ പിഴുതെറിയുന്നത്. തനിക്ക് തീർത്തും അപരിചിതമായ മകളുടെ മനോഘടനയിലേക്ക് സങ്കീർണമായും അനായാസമായും ദ്രുതഗതിയിൽ ഇറങ്ങിചെല്ലുന്ന സീക്വൻസുകളിൽ ആ കഥാപാത്രത്തോട് നാം വേഗത്തിൽ ഹൃദയബന്ധത്തിലാകും. അകപ്പെട്ട നിസ്സഹായതയുടെ പന്ഥാവിനിടയിൽ അയാളിലെ അച്ഛനുണ്ടാക്കുന്ന (അഭിനയത്തിന്റെ ) പരിചിതമായ ഊടുവഴികളിൽ നമ്മൾ ഏതെങ്കിലും തരത്തിൽ / അവസ്ഥയിൽ അമുദവനാകും. വലിയ ഇടവേളയെടുത്താണ് മമ്മൂട്ടി മനസ്സിനെയിങ്ങനെ പിടിച്ചുലയ്ക്കുന്നത്!
( അമുദവൻ ചെയ്യാൻ മമ്മൂട്ടിയല്ലാതെ മറ്റൊരു ഓപ്ഷനില്ലെന്ന് സിനിമയ്ക്ക് ശേഷമുള്ള ചർച്ചയിൽ റാം തുറന്നു പറഞ്ഞു. അഭിപ്രായ പ്രകടനങ്ങൾക്കിടയിൽ, മമ്മൂട്ടിയെ നായകനാക്കിയതിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ മലയാളി ഡെലിഗേറ്റിനോട് മമ്മൂട്ടി നിങ്ങൾ മലയാളികളുടെ പ്രോപ്പർട്ടിയല്ലെന്നും ഇന്ത്യൻ സിനിമയുടെ പൊതു സ്വത്താണെന്നും ഒരു സൗത്തിന്ത്യൻ ദേഷ്യപ്പെട്ടു )
യുവൻ ശങ്കർ രാജയുടെ സംഗീതം എടുത്തു പറയണം. പ്രമേയത്തിന്റെ ഭാവത്തെ ഒരു പഞ്ഞിക്കെട്ടു പോലെ പറത്തുന്ന ബീജീ യെമ്മാണ് പടമുടനീളം. തേനി ഈശ്വറിന്റെ വശ്യമായ ഫ്രെയിമുകളിൽ നിന്ന് കണ്ണുപറിയില്ല. പ്രകൃതിയുടെ ആന്തോളജിക്കിടയിൽ, ആദ്യ പകുതിയിൽ എക്സ്ട്രീം ലോങ്ങ് / വൈഡ് ഷോട്ടുകളാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. കഥാപാത്രങ്ങൾ ഒബ്ജക്ട് മാത്രമാകുന്ന അത്തരം സന്ദർഭങ്ങളാണ് സംവിധായകന്റെ ഐഡിയൽ കഥാപശ്ചാത്തലമാകുന്നത്. നഗരം കേന്ദ്രീകരിക്കുന്ന രണ്ടാം പകുതി ക്ലോസപ്പുകളും മിഡുകളും ചേർത്ത് കഥാപാത്രത്തിലേക്ക് കഥയെ തിരിച്ചിറക്കുകയാണ്.
മീരയായി എത്തുന്ന അഞ്ജലി അമീർ Anjali Ameer മികച്ച പ്രകടനമാണ് നടത്തിയത്. ട്രാൻസ് സെക്ഷ്വൽ വേഷം അവരുടെ കയ്യിൽ ഭദ്രമാണ്. സിനിമയിൽ സ്ത്രീ പ്രതിനിധാനങ്ങൾ പരാജയപ്പെടുന്നിടത്ത് ഊർജ്ജവും ആത്മവിശ്വാസവും പ്രസരിപ്പിക്കാൻ ഈ കഥാപാത്രത്തിലൂടെ സംവിധായകൻ നടത്തുന്ന ശ്രമം ശ്ലാഘനീയവും പുരോഗമനപരവുമാണ്.
ഊന്നുന്നത് ഇത്രമാത്രമാണ്, 'മനുഷ്യൻ ഹാ എത്ര മനോഹര പദം' എന്നോർമിപ്പിക്കുന്നൊരു സിനിമയിതാ...
പേരൻപ് എന്നാൽ compassion എന്നാണർത്ഥം.