ഇനിയൊരു അവസരം കിട്ടിയെന്ന് വരില്ല: ജനനായകൻ കുറിച്ച് പൂജ ഹെഗ്‌ഡെ
'ബീസ്റ്റ്' എന്ന ചിത്രത്തിലും പൂജ തന്നെ ആയിരുന്നു നായിക
വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ജനനായകൻ'. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന സിനിമയാകും ഇത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിൽ നായികയായി എത്തുന്നത്. 'ബീസ്റ്റ്' എന്ന ചിത്രത്തിലും പൂജ തന്നെ ആയിരുന്നു നായിക. വിജയ് സാറുമായി വീണ്ടും ഒരു മാജിക് ഉണ്ടാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ പൂജ പറഞ്ഞു.
'ഇത് വിജയ് സാറിന്റെ അവസാനത്തെ സിനിമയെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ വീണ്ടും ഇങ്ങനത്തെ ഒരു അവസരം കിട്ടിയെന്ന് വരില്ല. പ്രേക്ഷകർ ഞങ്ങളുടെ കംബാക്കിനായി ഒരുപാട് ആഗ്രഹിക്കുന്നു. ഹബീബീസ് തിരിച്ചുവരാൻ അവർ കാത്തിരിക്കുകയാണ്', പൂജ ഹെഗ്‌ഡെ പറഞ്ഞു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. സമ്മിശ്ര പ്രതികരണമാണ് പോസ്റ്ററുകൾക്ക് ലഭിച്ചത്. 'മാസ്റ്റർ' സിനിമയിലെ സെറ്റിൽ വെച്ച് വിജയ് എടുത്ത സെൽഫിയാണ് 'ജനനായകൻ' എന്ന ടൈറ്റിൽ പോസ്റ്ററിൽ കാണുന്നത്.