Pravinkoodu Shappu Box Office Collection: അവധി ദിനമായിട്ടും 'നോ ഇംപാക്ട്'; 'പ്രാവിന്‍കൂട് ഷാപ്പ്' വന്‍ പരാജയത്തിലേക്കോ?
ആദ്യദിനം ബോക്‌സ്ഓഫീസില്‍ നിന്ന് ഒന്നര കോടിക്ക് അടുത്ത് കളക്ട് ചെയ്ത ചിത്രം രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ വീണു
Pravinkoodu Shappu Box Office Collection: ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ് 'പ്രാവിന്‍കൂട് ഷാപ്പ്'. റിലീസ് ചെയ്തു നാലാം ദിനമായ ഇന്നലെ 70 ലക്ഷമാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. അവധി ദിനമായിട്ടും ഒരു കോടി കളക്ട് ചെയ്യാന്‍ സാധിക്കാത്തത് സിനിമ പരാജയത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്. 3.67 കോടിയാണ് നാല് ദിനങ്ങള്‍ പിന്നിടുമ്പോള്‍ സിനിമയുടെ ആകെ ഇന്ത്യ നെറ്റ് കളക്ഷന്‍.
ആദ്യദിനം ബോക്‌സ്ഓഫീസില്‍ നിന്ന് ഒന്നര കോടിക്ക് അടുത്ത് കളക്ട് ചെയ്ത ചിത്രം രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ വീണു. വെറും 75 ലക്ഷമാണ് രണ്ടാം ദിനത്തിലെ ഇന്ത്യ നെറ്റ് കളക്ഷനെന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നാം ദിനത്തില്‍ 70 ലക്ഷത്തില്‍ താഴെയായിരുന്നു കളക്ഷന്‍. ചിത്രത്തിനു സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇത് ബോക്‌സ്ഓഫീസ് പ്രകടനത്തെ സാരമായി ബാധിച്ചു.
തൃശൂരിലെ പ്രാവിന്‍കൂട് എന്ന ഷാപ്പില്‍ ഒരു ദിവസം രാത്രി നടക്കുന്ന കൊലപാതകവും അതിനെ തുടര്‍ന്നുള്ള അന്വേഷണവുമാണ് സിനിമയുടെ പ്രമേയം. ഡാര്‍ക്ക് ഹ്യൂമറിലൂടെയാണ് കഥ മുന്നോട്ടു കൊണ്ടുപോകുന്നത്. എന്നാല്‍ ഈ അവതരണശൈലിക്ക് പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബേസില്‍ ജോസഫ്, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, ചാന്ദ്‌നി എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.