Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനിയൊരു വലിയ സിനിമ ചെയ്യണം, എന്നെക്കാൾ വട്ടുള്ള ഒരാളുണ്ട്!: പൃഥ്വിരാജ്

Prithviraj about Empuran Movie

നിഹാരിക കെ.എസ്

, തിങ്കള്‍, 27 ജനുവരി 2025 (18:59 IST)
മൂന്നാമത്തെ സിനിമയാണ് ചെയ്യുന്നതെങ്കിലും താന്‍ തുടക്കക്കാരന്‍ മാത്രമാണെന്ന് പൃഥ്വിരാജ്. ഇനിയൊരു വലിയ സിനിമ ചെയ്യാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഇവന് സിനിമ എടുക്കാന്‍ അറിയുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ച സമയത്താണ് ‘ലൂസിഫര്‍’ എന്ന വലിയ സിനിമയുമായി മോഹന്‍ലാല്‍ തനിക്കൊപ്പം നിന്നത്. എമ്പുരാന്റെ ടീസര്‍ ലോഞ്ച് ചടങ്ങിലാണ് നടന്‍ സംസാരിച്ചത്.
 
'സംവിധായകന്റെ മുകളില്‍ വിശ്വാസം എന്നൊക്കെ പറയുമ്പോള്‍ എനിക്ക് പേടിയാണ്. ഞാന്‍ ഇപ്പോഴും എന്റെ മൂന്നാമത്തെ സിനിമ മാത്രം ചെയ്യുന്ന തുടക്കക്കാരനാണ്. ഞാന്‍ സിനിമ സംവിധാനം പഠിച്ചിട്ടില്ലെന്ന് ആളുകള്‍ പറയും. എന്നാല്‍, ഞാന്‍ ഫിലിം മേക്കിങ് ഒരുപാട് പഠിച്ചിട്ടുണ്ട്. ഇവിടെയിരിക്കുന്ന സംവിധായകരുടെ കൂടെയൊക്കെ ജോലി ചെയ്യുമ്പോള്‍ ഞാന്‍ ഫിലിം മേക്കിങ് പഠിക്കുകയാണ്. അവരുടെ സെറ്റുകളിലെ ഓരോ ദിവസവും ഓരോ സീനും ഓരോ ഷോട്ടും എനിക്ക് ഒരു ട്യൂഷന്‍ തന്നെയായിരുന്നു. എന്റെ ഓരോ സിനിമകളും കാണുമ്പോള്‍ ആളുകള്‍ ചോദിക്കും, ആരാണ് പ്രചോദനമെന്ന്.
 
പ്രത്യേകിച്ചും എമ്പുരാന്റെ കഥ നടക്കുന്ന രാജ്യത്തിന്റെ വെളിയിലൊക്കെ ആയതുകൊണ്ട് ഹോളിവുഡ് സിനിമകളാണോ പ്രചോദനമെന്ന് പലര്‍ക്കും സംശയമുണ്ടാകും. ഇവിടെ ഇരിക്കുന്ന ജോഷി സാറും ഷാജി സാറും സത്യന്‍ സാറുമൊക്കെയാണ് എന്റെ പ്രചോദനം. വലിയ സ്വപ്നങ്ങള്‍ കാണുന്നവര്‍ കുറച്ച് വട്ടുള്ള ആള്‍ക്കാരാണെന്ന് തോന്നും. എന്റത്ര വട്ടുള്ള ആളുകള്‍ ആരുമില്ലെന്ന് ഞാന്‍ കുറച്ച് ആത്മവിശ്വാസത്തോടെ പറയുമായിരുന്നു. ശരിക്കും എന്നേക്കാള്‍ വട്ടുള്ള ഒരാളുണ്ട്, ആന്റണി പെരുമ്പാവൂര്‍. സിനിമയുടെ ആശയം പറയുന്നതുമുതല്‍ ഇത് ഏറ്റവും കൂടുതല്‍ മനസിലാവുന്ന ആള്‍ ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു.
 
ദുബായിലെ ആശിര്‍വാദിന്റെ ഓഫിസില്‍ വച്ചാണ് ആന്റണിയേയും ലാലേട്ടനേയും ആദ്യമായി എമ്പുരാന്‍ സ്‌ക്രിപ്റ്റ് വായിച്ചു കേള്‍പ്പിക്കുന്നത്. ആന്റണീ, ആ കുട്ടി അഞ്ചാറ് ഹെലികോപ്റ്റര്‍ ഒക്കെ പറയുന്നുണ്ട് എന്നായിരുന്നു ലാലേട്ടന്റെ പ്രതികരണം. അന്നത്തെ നരേഷനില്‍ മൂപ്പര്‍ക്ക് മനസ്സിലായതാണ് ഈ സിനിമ. അണ്ണാ ഇതെങ്ങോട്ടാണ് ഈ പോക്ക് എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കുമെങ്കിലും എന്റെ സിനിമ മനസിലാക്കി കൂടെ നില്‍ക്കുന്ന നിര്‍മാതാവ് ഉണ്ടെന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി. എന്നെ സഹിച്ചതിന് നന്ദി. ഈ പടം കഴിഞ്ഞിട്ട് അടുത്തൊരു വലിയ സിനിമ ചെയ്യണം. മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരുസംവിധായകന്‍ പോലുമാകുമോയെന്ന് ഉറപ്പില്ല. ലൂസിഫര്‍ ചെയ്യുമ്പോള്‍ ആര്‍ക്കും ഒരു ഗ്യാരണ്ടിയുമില്ലായിരുന്നു.
 
എനിക്ക് സിനിമ എടുക്കാനറിയുമോ എന്നുപോലും അറിയില്ല. അങ്ങനെ എന്നോടൊപ്പം എന്റെ ഡ്രൈവിങ് ഫോഴ്‌സ് ആയി ഒപ്പം നിന്ന ആളാണ് ലാല്‍ സര്‍. മറ്റേത് സിനിമകളേക്കാളും കാലാവസ്ഥ മൂലം ഒരുപാട് പ്രതിസന്ധികള്‍ എമ്പുരാന് നേരിടേണ്ടി വന്നു. അങ്ങനെ വരുമ്പോള്‍ പൈസ ഒരുപാട് ചെലവാകും. എക്‌സ്ട്രീം ബിസിയായ സമയത്താണ് ലാല്‍ സാറിനെ ഗുജറാത്ത് ഷെഡ്യൂളില്‍ കൊണ്ടുവന്നത്. അതിന്റെയൊരു ക്ലൈമാക്‌സ് ഭാഗമായിരുന്നു ഷൂട്ട് ചെയ്യേണ്ടത്. പക്ഷേ മഴ കാരണം ആഴ്ചകളോളം ഷൂട്ടിങ് ഇല്ലാതെ ലാല്‍ സര്‍ അവിടെ ഇരുന്നിട്ടുണ്ട്. ഇന്ന് ഷൂട്ടിങില്ലെന്നു പറയാന്‍ ലാല്‍ സാറിന്റെ അടുത്ത് ചെല്ലും. അങ്ങനെ അഞ്ചാറ് ദിവസം കഴിഞ്ഞപ്പോഴും എനിക്കു തന്നെ വിഷമം തോന്നി.
 
‘മോനേ അത് കുഴപ്പമില്ല, നന്നായി എടുത്താല്‍ മതിയെന്നായിരുന്നു’ ലാല്‍ സാറിന്റെ പ്രതികരണം. അതൊന്നും ഒരിക്കലും മറക്കില്ല. ഞാനൊരു ആക്‌സിഡെന്റല്‍ ഡയറക്ടര്‍ ആണ്. ഒരുപക്ഷേ ലാലേട്ടന്‍ ഇല്ലായിരുന്നെങ്കില്‍ ഞാനൊരു സംവിധായകനും ആകില്ലായിരുന്നു. ലൂസിഫറിന് പ്രേക്ഷകര്‍ തന്ന വിജയമാണ് എമ്പുരാന്‍ ഉണ്ടാവാനുള്ള ഏറ്റവും വലിയ കാരണം. ലോകത്തിലെ ഏറ്റവും ബസ്റ്റ് ടീം എന്റേതാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ സിനിമയില്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ച സംഘം ലോകത്തിലെ ഏത് ഇന്‍ഡസ്ട്രിയിലെ എത്ര വലിയ സിനിമ വേണമെങ്കിലും കൈകാര്യം ചെയ്യാന്‍ പറ്റിയ ടീമാണ്', എന്നാണ് പൃഥ്വിരാജ് പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മക്കൾക്ക് വേണ്ടി സമയം മാറ്റിവെയ്ക്കാനായില്ല, മകളുടെ മരണമാണ് തിരിച്ചറിവ് നൽകിയതെന്ന് ഇളയരാജ