സുപ്രിയ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് പൃഥ്വിരാജ് സ്വന്തമായൊരു പ്രൊഡക്ഷൻ കമ്പനിയെ കുറിച്ച് ചിന്തിക്കുന്നത്. നിലവിൽ എൽ ടു എമ്പുരാൻ എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് പൃഥ്വി. സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുപ്രിയയെ കുറിച്ചും സിനിമയോടുള്ള തന്റെ ഭ്രമത്തെ കുറിച്ചുമെല്ലാം പൃഥ്വി വാചാലനാകുന്നത്. സുപ്രിയ ഇല്ലായിരുന്നുവെങ്കിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന തന്റെ പ്‌കൊഡക്ഷൻ കമ്പനിക്ക് തന്നെ നിലനിൽപില്ല എന്നാണ് പൃഥ്വി പറഞ്ഞത്.
സുപ്രിയ എക്‌സ്ട്രീമിലി സക്‌സസ്ഫുൾ സെൽഫ്‌മേഡ് പ്രൊഫഷണലാണ്. സുപ്രിയ വർക്ക് ചെയ്തിരുന്ന തന്റെ പ്രൊഫഷണലിൽ ഉയരങ്ങൾ കീഴടക്കിയ ആളാണ്. എനിക്ക് വേണ്ടി, ഞങ്ങളുടെ കുടുംബത്തിന് വേണ്ടി, ഞങ്ങളുടെ റിലേഷൻഷിപ്പിന് വേണ്ടി, ജീവിതത്തിന് വേണ്ടി സുപ്രിയ അത് ഉപേക്ഷിക്കാൻ തയ്യാറായി. ഞങ്ങൾ ഒരുമിച്ചുള്ള ജീവിതം കെട്ടിപ്പടുക്കുന്നതിന്റെ ഉത്തരവാദിത്വം സുപ്രിയ സ്വയം ഏറ്റെടുത്തതാണ് എന്ന് പൃഥ്വിരാജ് പറയുന്നു.
പൃഥ്വിരാജിന്റെ ആദ്യ ഭാര്യ സിനിമയാണ് എന്ന് ഒരു അഭിമുഖത്തിൽ സുപ്രിയ പറഞ്ഞിരുന്നു. അത് പറയാനുണ്ടായിരുന്ന സാഹചര്യത്തെ കുറിച്ച് പൃഥ്വിരാജ് വിശദീകരിക്കുന്നുണ്ട്. ഞങ്ങൾ റിലേഷൻഷിപ്പിൽ ആകുന്നതിന് മുൻപേ നല്ല സുഹൃത്തുക്കൾ ആയിരുന്നു. അതിന് ശേഷമാണ് വിവാഹം. ഫ്രണ്ട്‌സ് ആയിരുന്ന സമയം മുതലേ ഞാൻ പറഞ്ഞിരുന്നു, എന്റെ ജീവിതത്തിൽ എന്റെ ആദ്യത്തെ പ്രണയം എന്നും സിനിമ തന്നെയായിരിക്കും എന്ന്. ഇപ്പോഴും സുപ്രിയ അതിന് വേണ്ടിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അത് സത്യമാണ്, സിനിമ എന്നിൽ നിന്ന് എടുത്താൽ ഞാൻ ഒന്നുമല്ല, അതിനപ്പുറം ഒന്നും എനിക്കില്ല. അതിനപ്പുറം ഒരു ഐഡന്റിറ്റി എനിക്കില്ല. എജുക്കേഷൻ ക്വാളിഫിക്കേഷൻ ഇല്ല, മറ്റ് ബിസിനസ്സില്ല, മറ്റൊന്നിനോടും എനിക്ക് പാഷനും ഇല്ല. സിനിമയാണ് എന്നെ നിലനിർത്തുന്നത്- പൃഥ്വിരാജ് പറഞ്ഞു