'വാരിയംകുന്നന്‍' പ്രഖ്യാപനം കൊണ്ടുതന്നെ ശ്രദ്ധയാകര്‍ഷിച്ച ചിത്രമായിരുന്നു. സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും സിനിമയുമായി മുന്നോട്ട് തന്നെ പോകും എന്നും അടുത്തിടെ നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു. വാരിയംകുന്നനില്‍ നിന്നും പിന്മാറാനുള്ള കാരണം നിര്‍മാതാക്കളും ആയുള്ള തര്‍ക്കമായിരുന്നുവെന്ന് സംവിധായകന്‍ ആഷിക് അബു നേരത്തെ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പൃഥ്വിരാജ് പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി 'വാരിയംകുന്നന്‍' സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നടന്‍.
'ഭ്രമം' റിലീസുമായി ബന്ധപ്പെട്ട് ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു നടന്‍ മനസ്സ് തുറന്നത്.
'എന്റെ വ്യക്തിജീവിതത്തിനും പ്രൊഫഷണല്‍ ജീവിതത്തിനും വെളിയില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് സൗകര്യപൂര്‍വ്വം ശ്രദ്ധ കൊടുക്കാത്ത ഒരാളാണ് ഞാന്‍. അത് ജീവിതവും തൊഴില്‍ മേഖലയും എന്നെ പഠിപ്പിച്ച ഒരു കാര്യമാണ്',- പൃഥ്വിരാജ് പറയുന്നു. ഈ ചിത്രം താന്‍ നിര്‍മ്മിക്കാനോ സംവിധാനം ചെയ്യാനോ ഇരുന്ന സിനിമ അല്ലെന്നും സിനിമ എന്തുകൊണ്ട് നടന്നില്ല എന്ന ചോദ്യം അവരോട് ചോദിക്കുന്നത് ആകും നല്ലത് എന്നാണ് പൃഥ്വിരാജ് മറുപടി നല്‍കിയത്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാര്‍ വിപ്ലവത്തിന്റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതര്‍ഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി ഈ സിനിമ രണ്ടു ഭാഗങ്ങളായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് കോമ്പസ് മൂവീസ് പറഞ്ഞിരുന്നു.