'പണം ഒരു പ്രശ്നമല്ല, പക്ഷേ നായികയായി കരീന തന്നെ വേണം'; അക്ഷയ് കുമാറിന്റെ വാശിയെക്കുറിച്ച് നിർമാതാവ്
അക്ഷയ് കുമാറിന്റെ വാശിയെ കുറിച്ച് നിർമാതാവ് പഹ്ലാജ് നിഹലാനി
ഒരുകാലത്ത് സംവിധായകനും നിർമാതാവുമാണ് നായികയെ കാസ്റ്റ് ചെയ്യുക. എന്നാൽ, ഇപ്പോൾ സിനിമയിൽ ആരെയൊക്കെ കാസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് പ്രധാന നടൻമാരാണെന്ന് നിർമാതാവും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ മുൻ തലവനുമായ പഹ്ലാജ് നിഹലാനി ആരോപിക്കുന്നു.
നായികമാരെ മാത്രമല്ല, ചിലപ്പോൾ സംവിധായകരെപ്പോലും സൂപ്പർതാരങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്നും യുട്യൂബ് ചാനലായ 'ലേൺ ഫ്രം ദി ലെജൻഡി'ന് നൽകിയ അഭിമുഖത്തിൽ പഹ്‌ലാജ് പറയുന്നു. നടൻ അക്ഷയ് കുമാറിന്റെ പക്കൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
'തലാഷ്' എന്ന ചിത്രത്തിനായി കരീന കപൂറിനെ നായികയാക്കാൻ അക്ഷയ് കുമാർ നിർബന്ധം പിടിച്ചുവെന്ന് പഹ്‌ലാജ് പറയുന്നു. തന്റെ പ്രതിഫല തുക ഒരു പ്രശ്നമല്ലെന്നും ഇഷ്ടമുള്ള തുക തന്നാൽ മതിയെന്നും പറഞ്ഞ അദ്ദേഹം, സിനിമയിൽ കരീന കപൂർ ആയിരിക്കണം നായിക എന്ന് ആവശ്യപ്പെട്ടുവെന്നും നിർമാതാവ് പറയുന്നു.
'മുമ്പ് നിർമാതാക്കളും സംവിധായകരുമായിരുന്നു കാസ്റ്റിംഗ് ചെയ്തിരുന്നത്, നായകൻമാർ അതിൽ ഇടപെടാറുണ്ടായിരുന്നില്ല. ഞാൻ നിർമിച്ച സിനിമകളിൽ ഇത്തരം ഒരു ഇടപെടൽ നടത്തിയ നടൻ അക്ഷയ് കുമാർ ആയിരുന്നു. തലാഷ് എന്ന ചിത്രത്തിലായിരുന്നു അത്. അദ്ദേഹം എന്നോട് പറഞ്ഞു, 'നാളെ സിനിമയുടെ ഷൂട്ടിങ് തുടങ്ങാം, നിങ്ങൾക്ക് ഇഷ്ടമുള്ള പണം എനിക്ക് തരാം, പക്ഷേ ഈ സിനിമയിലെ നായിക കരീന കപൂർ ആയിരിക്കും.'
അന്നത്തെ ഏറ്റവും ചെലവേറിയ സിനിമകളിൽ ഒന്നായിരുന്നു അത്. 22 കോടി രൂപയ്ക്കാണ് നിർമിച്ചത്. എന്റെ കരിയറിൽ ആദ്യമായിട്ടായിരുന്നു ഒരു നടൻ ഒരു പ്രത്യേക അഭിനേതാവിനെ വേണമെന്ന് ആവശ്യപ്പെട്ടത്. പ്രായം കുറഞ്ഞ നടിമാർക്കൊപ്പം അഭിനയിക്കുമ്പോൾ നടന്മാർക്ക് പ്രായം കുറഞ്ഞതായി തോന്നും അതുകൊണ്ടാണ് അവർ ഇത്തരം ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നതെന്നും പഹ്ലാജ് പറഞ്ഞു.
'ചിലപ്പോൾ നടന്മാർക്ക് പ്രായമാകുമ്പോൾ അവർക്ക് പ്രായം കുറഞ്ഞ നടിമാർക്കൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടാകും. അങ്ങനെ വരുമ്പോൾ അവരുടെ പ്രായം കുറഞ്ഞതായി തോന്നും. ഞാൻ ആദ്യമായി അങ്ങനെ കേൾക്കുന്നത് അപ്പോഴാണ്. എന്നാൽ ഈ ദിവസങ്ങളിൽ നടന്മാർ എല്ലാം തീരുമാനിക്കുകയും നിർമാതാക്കൾ ഒരു കൊറിയർ സർവീസ് പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു.' പഹ്‌ലാജ് കൂട്ടിച്ചേർത്തു.
അതേസമയം, അക്ഷയ് കുമാർ, കരീന കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുനിൽ ദർശൻ സംവിധാനം ചെയ്ത ചിത്രമാണ് തലാഷ്. ഒരു ആക്ഷൻ ത്രില്ലറായി പുറത്തിറങ്ങിയ സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.