സിനിമാ സംഘടനകൾക്കിടയിലെ തർക്കത്തിൽ ആൻണി പെരുമ്പാവൂരിനെതിരെ നിർമാതാക്കളുടെ സംഘടന. സുരേഷ് കുമാറിനെ പിന്തുണയ്ക്കുന്നുവെന്നും കൂട്ടായെടുത്ത സമര തീരുമാനത്തെ ആൻറണി സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തത് തെറ്റാണെന്നും സംഘടനയ്ക്കെതിരായ ഏത് നീക്കവും ചെറുക്കുമെന്നും നിർമാതാക്കളുടെ സംഘടന വ്യകത്മാക്കി. വാർത്താകുറിപ്പിലാണ് പ്രതികരണം.
പത്രക്കുറിപ്പ് ഇങ്ങനെ;
മലയാള സിനിമാവ്യവസായം നേരിടുന്ന താരങ്ങളുടെ ഉയർന്ന പ്രതിഫലം, വിനോദനികുതി എന്ന ഇരട്ട നികുതി വ്യാജപതിപ്പുകളുടെ വ്യാപക പ്രചരണം, പ്രദർശനശാലകൾ നേരിടുന്ന വിവിധ പ്രതിസന്ധികൾ എന്നീ വിഷയങ്ങൾ ചർച്ചചെയ്യാനായി സിനിമാ മേഖലയിലെ സംഘടനകളായ ഫിയോക്ക്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ (കേരള), ഫെഫ്‌ക എന്നീ സംഘടനകളുടെ ഒരു സംയുക്തയോഗം 06.02.2025ൽ കൂടിയതനുസരിച്ച് 2025 ജൂൺ 1 മുതൽ സിനിമാമേഖല സംയുക്തമായി അനിശ്‌ചിതകാല സമരം നടത്താനും അതിനു മുന്നോടിയായി ഒരു ഏകദിന സൂചന പണിമുടക്ക് നടത്താനും തീരുമാനിച്ചിരുന്നു.
മലയാള സിനിമയുടെ നിർമ്മാണച്ചിലവ് അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ താരങ്ങളുടെ പ്രതിഫലം, അവരുമായി ബന്ധപ്പെട്ട മറ്റു ഇതര അനാവശ്യചിലവുകൾ എന്നിവ നിയന്ത്രിക്കുന്നതിനായി സഹായം അഭ്യർത്ഥിച്ചു കൊണ്ട് 2024 നവംബർ മാസത്തിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഒരു കത്ത് നൽകിയെങ്കിലും അവരുടെ ഭരണത്തിൻ്റെ ഉത്തരവാദിത്വം അഡ്‌ഹോക് കമ്മറ്റിക്ക് ആയതിനാൽ ജനറൽ ബോഡി കൂടാതെ അനുകൂല മറുപടി നൽകാൻ സാധിക്കില്ല എന്ന് അറിയിച്ചതിനാലാണ് അമ്മ സംഘടനയെ ഒഴിവാക്കി മേൽസൂചിപ്പിച്ച മറ്റ് സംഘടന കളുമായി ചേർന്ന് യോഗം കൂടുകയും സർക്കാരിൽ നിന്ന് ലഭിക്കേണ്ട കാര്യങ്ങൾക്കായി സമരം ചെയ്യാൻ തീരുമാനം കൈകൊള്ളുകയും ചെയ്തത്.