ഇന്ത്യന്‍ സിനിമയിലെ സമീപകാലത്തെ എല്ലാ റെക്കോര്‍ഡുകളും മറികടക്കുകയാണ് അല്ലു അര്‍ജുന്റെ പുഷ്പ 2. ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 1500 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. ഇതിനിടെ ചിത്രം ഉടന്‍ തന്നെ ഒ.ടി.ടിയില്‍ എത്തുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇത് തള്ളി അണിയറ പ്രവർത്തകർ രംഗത്ത്.
ജനുവരി 9 മുതല്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് വ്യക്തമാക്കുന്നു. ”പുഷ്പ: ദ റൂളിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഈ അവധിക്കാലത്ത് പുഷ്പ 2 ബിഗ് സ്‌ക്രീനുകളില്‍ മാത്രം ആസ്വദിക്കൂ. 56 ദിവസം വരെ ഇത് ഒരു ഒടിടിയിലും ഉണ്ടാകില്ല” എന്നാണ് മൈത്രി മൂവീ മേക്കേഴ്‌സ് എക്‌സില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്റില്‍ നിന്നും ലഭിക്കുന്നതെങ്കിലും ബോക്‌സ് ഓഫീസില്‍ സിനിമ കുതിപ്പ് തുടരുകയാണ്. 990.7 കോടിയാണ് സിനിമയുടെ ഹിന്ദി പതിപ്പിന്റെ കളക്ഷന്‍. ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ നിന്നായി 1500 കോടിയിലധികമാണ് ചിത്രം നേടിയത്. 2000 കോടിയാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്.