കാലയ്‌ക്ക് ആദ്യദിനം തിരിച്ചടിയായത് ഈ നാല് കാരണങ്ങള്‍; വില്ലനായി രജനിയുടെ വാക്കുകളും!
കാലയ്‌ക്ക് ആദ്യദിനം തിരിച്ചടിയായത് ഈ നാല് കാരണങ്ങള്‍; വില്ലനായി രജനിയുടെ വാക്കുകളും!
സിനിമാ പ്രേമികള്‍ക്ക് രജനികാന്ത് എന്നുമൊരു ആവേശമാണ്. ബിഗ് സ്‌ക്രീനില്‍ അമാനുഷികതയും പഞ്ച് ഡയലോഗുകളും സമം ചേര്‍ത്ത് ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന അത്ഭുത നടനെന്ന് അദ്ദേഹത്തെ വിളിക്കുന്നതില്‍ ആരും തെറ്റുപറയില്ല.
രജനിയുടെ കഴിഞ്ഞ ചിത്രം കബാലി തിയേറ്ററുകളെ പൂര പറമ്പാക്കിയപ്പോള്‍ ഇന്ന് പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം കാലയ്‌ക്ക് ലഭിച്ച തണുപ്പൻ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആവേശമൊന്നുമില്ലാതെയാണ് തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്‌തത്.
ചെന്നൈയിൽ രണ്ടിടങ്ങളിൽ മാത്രമാണ് പുലർച്ചെ ഫാൻസിന് വേണ്ടി പ്രത്യേക ഷോ നടത്തിയത്. മിക്ക തിയേറ്ററുകളിലും ടിക്കറ്റ് ലഭ്യമാണ്. രജനിയുടെ ആരാധകര്‍ മാത്രമാണ് സിനിമയ്‌ക്ക് പിന്നാലെ അലയുന്നത്. കേരളത്തിൽ മുന്നൂറോളം തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്തെങ്കിലും ആളൊഴിഞ്ഞു നിന്നു. തിരുവനന്തപുരത്തും പാലക്കാടും രാവിലെ 6 മണിക്ക് തന്നെ സ്പെഷ്യല്‍ ഷോകള്‍ ഉണ്ടായിരുന്നുവെങ്കിലും കാര്യമായ പ്രതിഫലനമുണ്ടായില്ല.
നിരൂപക പ്രശംസ ഏറ്റുവാങ്ങിയ കാലയ്‌ക്ക് ആദ്യ ദിനത്തിലേറ്റ തിരിച്ചടിക്ക് നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രജനിയുടെ രാഷ്‌ട്രീയ പ്രവേശനം, തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കമ്പനിക്കെതിരായുള്ള പ്രതിഷേധത്തിനെതിരേ നടത്തിയ പ്രസ്‌താവന, കാവേരി പ്രശ്‌നം, വ്യാജ പതിപ്പ് എന്നീ വിഷയങ്ങളാണ് ചിത്രത്തിന് തണുപ്പൻ പ്രതികരണം ലഭിക്കാനായ കാരണങ്ങള്‍.
സ്റ്റെർലൈറ്റ് കമ്പനിക്കെതിരെ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധം അതിരു വിട്ടതായിരുന്നുവെന്നായിരുന്നു രജനിയുടെ പ്രസ്‌താവന. “പൊലീസിനെ അങ്ങോട്ട് ആക്രമിച്ചതോടെയാണു പ്രശ്നം തുടങ്ങിയത്. എല്ലാറ്റിനും സമരവുമായിറങ്ങിയാൽ തമിഴ്നാട് ശവപ്പറമ്പായി മാറും. ജനങ്ങള്‍ സംശയമനം പാലിക്കാന്‍ ശ്രമിച്ചില്ല. പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണു പൊലീസിനെതിരെ ആക്രമം അഴിച്ചു വിട്ടത്” - എന്നായിരുന്നു തൂത്തുക്കുടി സന്ദർശനവേളയില്‍ രജനി പറഞ്ഞത്.
സൂപ്പര്‍ സ്‌റ്റാറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആയിരക്കണക്കിനാളുകളാണ് രജനിയുടെ അഭിപ്രായത്തിന് പുല്ലുവില നല്‍കിയത്. ഈ അന്തരീക്ഷം ചൂട് പിടിച്ചു നില്‍ക്കുമ്പോള്‍ തന്നെയാണ് കാലയുടെ വരവ്. ജനങ്ങളില്‍ നിന്നുണ്ടായ ഈ അവമതിപ്പ് ചിത്രത്തേയും ബാധിച്ചു.
രാഷ്‌ട്രീയത്തില്‍ പ്രവേശിക്കാനൊരുങ്ങുന്ന രജനി ബിജെപിക്കൊപ്പം പോകുമെന്ന പ്രചാരണം തമിഴ്‌നാട്ടില്‍ വ്യാപകമാണ്. ഇതിനൊപ്പം താരത്തിന് ഏറെ ആരാധകരുള്ള കര്‍ണാടകയിലും വിവാദം കത്തി നില്‍ക്കുന്നുണ്ട്.
കാവേരി നദിയിൽ നിന്നു ജലം വിട്ടു കൊടുക്കണമെന്ന രജനിയുടെ ആവശ്യത്തിനെതിരെയാണു പ്രതിഷേധം ശക്തമായത്. ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകള്‍ക്കു മുന്നിൽ കാവേരി സമരക്കാർ പ്രതിഷേധം ആരംഭിച്ചതാണ് അയല്‍സംസ്ഥാനത്ത് നിന്നും കാലയ്‌ക്ക് തിരിച്ചടിയായത്.
ഈ വിവാദങ്ങളൊക്കെ നിലനില്‍ക്കെ റിലീസ് ദിവസം പുലർച്ചെ തന്നെ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ഇന്റെര്‍നെറ്റിലുമെത്തി. പ്രതിഷേധക്കാര്‍ പതിപ്പ് പ്രചരിപ്പിക്കുമോ എന്ന ആശങ്കയും അണിയറ പ്രവര്‍ത്തകരിലുണ്ട്. ഇത് ആദ്യ ദിവസങ്ങളിലെ കളക്ഷനെ കാര്യമായി ബാധിക്കുമെന്ന് ഇതോടെ ഉറപ്പായി.