'ലേഖകനെ രജനികാന്ത് കാറിടിപ്പിച്ച് കൊല്ലാൻ നോക്കി': ആ സംഭവം പറഞ്ഞ് രവീന്ദ്രൻ
ഒട്ടുമിക്ക താരങ്ങളുമായി അദ്ദേഹത്തിന് നല്ല സൗഹൃദമുണ്ട്.
ചടുലമായ നൃത്തച്ചുവടുകളും ചുരുണ്ട മുടിയും ബെൽബോട്ടം പാന്റുമണിഞ്ഞ് തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്ത് നടനമാടിയ നടനാണ് രവീന്ദ്രൻ. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും ഒട്ടുമിക്ക താരങ്ങളുമായി അദ്ദേഹത്തിന് നല്ല സൗഹൃദമുണ്ട്. ഇപ്പോഴിതാ സിനിമാ ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ രജനികാന്ത്, മോഹൻലാൽ എന്നിവരുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് രവീന്ദ്രൻ.
മോഹൻലാലും രജനികാന്തും ദൈവാനുഗ്രഹമുള്ളവരാണെന്നും പെട്ടന്നൊന്നും താഴെ വീഴില്ലെന്നും രവീന്ദ്രൻ പറയുന്നു. രജനികാന്ത് പണ്ട് മുൻകോപിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ എല്ലാ ട്രാൻസിഷൻസും താൻ കണ്ടിട്ടുണ്ടെന്നും രവീന്ദ്രൻ പറയുന്നു. തുടക്കകാലത്ത് പുള്ളിക്ക് പ്രശ്നങ്ങളുടെ മുകളിൽ പ്രശ്നങ്ങൾ ആയിരുന്നു. എല്ലാവരും അവോയ്ഡ് ചെയ്തിരുന്നു അന്നൊക്കെ പുള്ളിയെ. ഒരു എയർപോട്ടിൽ വെച്ച് ദേഷ്യം വന്ന് രജനി സാർ ഗ്ലാസ് ഉടച്ചു. അതിന്റെ പേരിൽ ജയിലിലാക്കിയിട്ടുണ്ട്. ഒരുപാട് തിക്താനുഭവങ്ങൾ പുള്ളിക്ക് ഉണ്ടായിട്ടുണ്ട്.
ഒരിക്കൽ തന്നെ കുറിച്ച് ഇല്ലാകഥകൾ എഴുതിയ വ്യക്തിയെ വണ്ടി കയറ്റി കൊല്ലാനൊക്കെ പോയി. അത്രയും ദേഷ്യക്കാരനായിരുന്നു. അത് കഴിഞ്ഞശേഷം രാഘവേന്ദ്ര സ്വാമിയുടെ ഭക്തനായി. ആളാകെ മാറി. പുള്ളിയുടെ എല്ലാ ട്രാൻസിഷനും ഞാൻ കണ്ടിട്ടുണ്ട്. അലാവുദ്ദീനും അത്ഭുത വിളക്കിലും അഭിനയിക്കുന്ന സമയത്ത് കലിയിളകിയിട്ട് പുള്ളി ഫൈറ്ററെ ഇടിക്കുകയൊക്കെ ചെയ്യുമായിരുന്നു. അവിടെ നിന്നാണ് രജനികാന്ത് സാർ ഭക്തനായി മാറിയത്. ദൈവാനുഗ്രഹമുള്ള മനുഷ്യനാണ് എന്നും രവീന്ദ്രൻ പറയുന്നു.