‘ദൈവത്തിന്റെ മാലാഖയായ ലിനി സിസ്റ്റർ ആകുന്നത് ഈ ഫെമിനിച്ചിയോ?’ - റിമ ഹേറ്റേഴ്സിന്റെ രോദനം കാണാൻ രസമുണ്ടെന്ന് സോഷ്യൽ മീഡിയ

വെള്ളി, 17 മെയ് 2019 (15:30 IST)
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വൈറസ്’ ജൂൺ ഏഴിന് റിലീസ് ചെയ്യും. ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവന്നിരുന്നു. ഒടുവിൽ വന്നത് സിസ്റ്റർ ലിനിയായി എത്തുന്ന റിമ കല്ലിങ്കലിന്റേതാണ്. പക്ഷേ പോസ്റ്റർ ഇറങ്ങിയപ്പോള്‍ നല്ല അഭിപ്രായങ്ങള്‍ വന്നിരുന്നെങ്കിലും അതിനുശേഷം വരുന്ന അഭിപ്രായങ്ങൾ നെഗറ്റീവാണ്. 
 
ഞങ്ങളുടെ മാലാഖ ലിനി സിസ്റ്ററുടെ റോൾ ചെയ്യാൻ വേറെ ആരെയും കിട്ടിയില്ലേയെന്നും സത്യത്തിൽ നല്ല വിഷമം ഉണ്ട് ലിനിയുടെ വേഷം ഈ ദുരന്തം ചെയ്യുന്നതിലെന്നുമൊക്കെയാണ് റിമ ഹേറ്റേഴ്സിന്‍റെ കമന്‍റ്സ്. “ദൈവത്തിന്റെ മാലാഖയായ ലിനി സിസ്റ്ററുടെ വേഷം ഇവളെ പോലെയുള്ള ഫെമിനിച്ചികൾക്ക് നൽകി ആ നല്ല നന്മയുള്ള ആത്മാവിനെ അപമാനിക്കരുതേ..” തുടങ്ങിയ ധാരാളം കമന്‍റുകള്‍ ആഷിഖ് അബു പങ്കുവെച്ച ക്യാരക്ടര്‍ പോസ്റ്ററിന് ചുവടെ വന്നിട്ടുണ്ട്. 
 
തൃശൂര്‍ പൂരം വിഷയത്തിൽ ഇന്നലെ റിമ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് കൂടുതൽ കമന്‍റുകള്‍ വന്നിരിക്കുന്നത്. തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രമായി ഒതുങ്ങിയെന്നായിരുന്നു റിമയുടെ കമന്‍റ്. ഇതിനെതിരെ സ്ത്രീകൾ വരെ രംഗത്ത് വന്നിരുന്നു. എന്നാൽ, റിമ കല്ലിങ്കലാണ് വൈറസ് നിർമിക്കുന്നത് എന്നത് പോലും പലരും മറന്നു പോകുന്നുവെന്നും റിമയുടെ ഹേറ്റേഴ്സിന്റെ കുരുപൊട്ടൽ കാണാൻ രസമുണ്ടെന്ന് ഒരു വിഭാഗം പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഉയരെയിലെ ‘ഗോവിന്ദും’ കൂടെവിടെയിലെ ‘ക്യാപ്റ്റൻ തോമസും’! - 36 വർഷങ്ങൾക്ക് മുൻപേ പത്മരാജൻ അത് പറഞ്ഞിരുന്നു!