മലയാളികൾക്ക് ഇന്നും രോമാഞ്ചമാണ് ധ്രുവം എന്ന മമ്മൂട്ടി ചിത്രം. സിനിമ ടിവിയിൽ വരുമ്പോൾ കണ്ടിരിയ്ക്കാൻ ഇപ്പോഴും ഇഷ്ടമാണ് മലയാളികൾക്ക്. മമ്മൂട്ടിയോടൊപ്പം സുരേഷ് ഗോപി വിക്രം, ഗൗതമി, ടൈഗർ പ്രഭാകർ തുടങ്ങി വലിയ താരനിര തന്നെ സിനിമയിൽ അണിനിരന്നിരുന്നു. ഇപ്പഴിതാ സിനിമ പുറത്തിറങ്ങി 27 വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ പിന്നാമ്പുറ കഥകളെ കുറിച്ച് തുറന്നുപറഞ്ഞിരിയ്ക്കുകയാണ് തിരക്കഥാകൃത്തായ എസ്എൻ സ്വാമി.
ജോഷി എന്ന സംവിധായകന്റെ ബ്രില്യൻസിനെ കുറിച്ചാണ് എസ്എൻ സ്വാമി വാചാലനായത്. 'ഒരുപാട് സീനുകള്‍ ജയിലിന് ഉള്ളില്‍ എടുക്കേണ്ടതായിരുന്നു. അന്ന് കരുണാകരനാണ് മുഖ്യമന്ത്രി. ഞങ്ങള്‍ ചെന്ന് കണ്ട് അനുമതിയൊക്കെ വാങ്ങി. 12 ദിവസത്തേക്കാണ് പൂജപ്പുര ജയിലില്‍ ഷൂട്ടിംഗിന് അനുമതി തന്നത്. പക്ഷേ മൂന്ന് ദിവസം കഴിഞ്ഞപ്പോഴേയ്ക്കും ജയിലില്‍ സിനിമാ ചിത്രീകരണങ്ങൾ സജീവമാണ് എന്നുള്ള തരത്തില്‍ ചില പത്രങ്ങളില്‍ വാര്‍ത്ത വന്നു. ഇതോടെ സര്‍ക്കാര്‍ അനുമതി പിന്‍വലിച്ചു.'
'അന്നും ഇന്നും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത് എന്താണെന്ന് വെച്ചാല്‍ പ്രധാന സീനുകളില്‍ മിയ്ക്കതും ഈ കിട്ടിയ മൂന്നു ദിവസം കൊണ്ട് ജോഷി ഷൂട്ട് ചെയ്തിരുന്നു. കൊലമരത്തിന് മുന്നിലെ സീന്‍ അടക്കം. പിന്നീട് ജയിലിന് പുറത്ത് സെറ്റിട്ടാണ് ബാക്കിയുള്ള സീനുകള്‍ ചിത്രീകരീച്ചത്. ഒരു പരിധിയുമില്ലാതെ സിനിമ ചിത്രീകരിയ്ക്കാൻ എം മണി എന്ന നിർമ്മാതാവ് ഞങ്ങള്‍ക്കൊപ്പം നിന്നു. എസ് എൻ സ്വാമി പറഞ്ഞു.