Kareena Kapoor: 'ഞാന്‍ വീട്ടിലുണ്ടായിരുന്നു, അയാള്‍ സെയ്ഫിനെ ക്രൂരമായി ആക്രമിച്ചു'; കരീനയുടെ മൊഴി പുറത്ത്
അതേസമയം അക്രമിയുടെ കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന സെയ്ഫ് അലി ഖാന്‍ സുഖംപ്രാപിച്ചു വരുന്നു
Kareena Kapoor: മുംബൈ ബാന്ദ്രയിലെ വീട്ടില്‍ വെച്ച് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെടുമ്പോള്‍ താനും അവിടെ ഉണ്ടായിരുന്നെന്ന് നടിയും സെയ്ഫിന്റെ ഭാര്യയുമായ കരീന കപൂര്‍. കരീന വീട്ടില്‍ ഇല്ലാത്ത സമയത്താണ് സംഭവം നടന്നതെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സെയ്ഫ് ആക്രമിക്കപ്പെടുന്നത് താന്‍ നേരില്‍ കണ്ടെന്ന് കരീന പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
' അയാള്‍ (അക്രമി) വളരെ ആക്രമണോത്സുകനായിരുന്നു. സെയ്ഫിനെ തുടര്‍ച്ചയായി ആക്രമിക്കുന്നത് ഞാന്‍ നേരില്‍ കണ്ടു. എങ്ങനെയെങ്കിലും സെയ്ഫിനെ വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ മാത്രമാണ് ആ സമയത്ത് ഞങ്ങള്‍ നോക്കിയത്. ഒന്നിലേറെ തവണ അയാള്‍ സെയ്ഫിനെ കുത്തി. എന്നാല്‍ വിലപിടിപ്പുള്ള സാധനങ്ങളൊന്നും വീട്ടില്‍ നിന്ന് നഷ്ടമായിട്ടില്ല. ഈ സംഭവത്തിനു ശേഷം ഞാന്‍ ആകെ പേടിച്ചുപോയി. പിന്നീട് കരിഷ്മ (കരീനയുടെ സഹോദരി) എന്നെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു,' കരീന പറഞ്ഞു.
അതേസമയം അക്രമിയുടെ കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന സെയ്ഫ് അലി ഖാന്‍ സുഖംപ്രാപിച്ചു വരുന്നു. തിങ്കളാഴ്ച അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് മുംബൈ ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ ഉച്ചയോടെ സെയ്ഫിനെ ഐസിയുവില്‍ നിന്ന് മുറിയിലേക്കു മാറ്റി. അദ്ദേഹം അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു.